nreg-workers-aituc

തിരുവനന്തപുരം: ഒന്നാം യു.പി.എ സർക്കാർ നടപ്പിലാക്കിയ തൊഴിലുറപ്പ് പദ്ധതി തുടർന്നു വന്ന സർക്കാരുകൾ അട്ടിമറിക്കുകയായിരുന്നെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. എൻ.ആർ.ഇ.ജി വർക്കേഴ്‌സ് ഫെഡറേഷന്റെ (എ.ഐ.ടി.യു.സി) ആഭിമുഖ്യത്തിൽ നടന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ രാജ്ഭവൻ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലുറപ്പ് പദ്ധതിക്ക് ബഡ്‌ജ​റ്റിൽ കേന്ദ്ര ഗവൺമെന്റ് മതിയായ തുക വക വരുത്തിയിട്ടില്ലെന്നും 12 കോടി തൊഴിലാളികളുള്ള ഈ മേഖലയ്ക്ക് അടുത്ത ബഡ്‌ജ​റ്റിൽ മതിയായ തുക വകയിരുത്തണമെന്നും കൂടുതൽ തൊഴിലും സൗകര്യങ്ങളും തൊഴിലുറപ്പ് പദ്ധതിക്ക് നൽകാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും കാനം പറഞ്ഞു.

മ്യൂസിയം പരിസരത്ത് നിന്നാരംഭിച്ച മാർച്ച് രാജ്ഭവന് സമീപം പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. സംസ്ഥാന പ്രസിഡന്റ് ചെങ്ങറ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ജെ.ഉദയഭാനു, ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ.അനിമോൻ, എ.ഐ.ടി.യു.സി ഭാരവാഹികളായ കെ.എസ്. ഇന്ദുശേഖരൻ നായർ, എം.ജി. രാഹുൽ, എസ്. വേണുഗോപാൽ, എം.എസ്. ജോർജ്, കെ.എസ്. മധുസൂദനൻ നായർ, ലീനമ്മ ഉദയകുമാർ, മീനാങ്കൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.