പൂവാർ: ചരിത്ര ശേഷിപ്പുകളുള്ള എ.വി.എം കനാൽ ഇപ്പോൾ മാലിന്യ കൂമ്പാരമായി മാറിയിരിക്കുകയാണ്.
1860ൽ ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുവിതാംകൂറിനെയും കന്യാകുമാരിയേയും തമ്മിൽ ബന്ധിപ്പിക്കാനും വ്യാപാര- വാണിജ്യ ബന്ധം ശക്തിപ്പെടുത്തുന്നതിനും പണികഴിപ്പിച്ച എ.വി.എം കനാൽ ഇന്ന് അഴുക്കുചാലിന് തുല്യാമായി. രാജഭരണ കാലഘട്ടത്തിൽ ഈ പാതയിലൂടെ അയൽദേശവുമായി ശക്തമായ വ്യാപാര ബന്ധം പുലർത്തിയിരുന്നു. എന്നാൽ രാജഭരണം അവസാനിക്കുകയും റോഡ് മാർഗമുള്ള ഗതാഗതവും വന്നതോടെ കനാൽ ഉപയോഗശുന്യമായി. ഇന്നീകനാലിന്റെ അവസ്ഥ അതിദയനീയമാണ്.
കോവളം മുതൽ പൂവാർ വരെ കനാൽ കാണാൻപോലുമില്ല. പൂവാർ മുതൽ പല സ്ഥലങ്ങളിലും നീർച്ചാലുമാത്രമായി. പൂവാർ, പരുത്തിയൂർ, പൊഴിയൂർ ഭാഗങ്ങളിൽ കൈയേറ്റംകാരണം പല സ്ഥലങ്ങളും കാണാൻപോലുമില്ല. ഉള്ള സ്ഥലമാകട്ടെ മാലിന്യ നിക്ഷേപത്തിന്റെ പ്രധാനകേന്ദ്രമായി മാറുകയാണ്. പല സ്ഥലങ്ങളിലും മാലിന്യം കെട്ടിക്കിടന്ന് ദുർഗന്ധം കാരണം ആർക്കും നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. കാടും പടർപ്പും കയറി നാശത്തിന്റെ വക്കിലാണ് ഇപ്പോൾ എ.വി.എം കനാൽ. ചില പ്രദേശങ്ങളിൽ കരിങ്കൽ കെട്ടുകളായിരുന്ന ഭാഗങ്ങൾ കൈയേറ്റത്തിന്റെ ഭാഗമായി ഇടിച്ചുമാറ്രുകയും ചില ഭാഗങ്ങൾ സംരക്ഷിക്കാനില്ലാതെ തനിയെ നശിക്കുകയും ചെയ്തു. ഇത് സംരക്ഷിക്കാൻ ആരും തയാറാകുന്നില്ല.
പൂർണ്ണമായും മനുഷ്യനിർമ്മിതമായ കനാലിന് ചരിത്രപരമായി ഏറെ പ്രാധാന്യമാണ് ഉള്ളത്. തിരുവിതാംകൂർ മഹാരാജാവിന്റെ കുലദൈവമായ അനന്തപത്മനാഭന്റെയും ബ്രിട്ടീഷ് രാജ്ഞിയായ വിക്ടോറിയായുടെയും മാർത്താണ്ഡവർമ്മ മഹാരാജാവിന്റെയും (എ.വി.എം) പേരുകൾ ചേർത്തായിരുന്നു കനാലിന് നാമകരണം നൽകിയത്. പൂവാർ മുതൽ കുളച്ചൽ വരെ ഒന്നാം ഘട്ടമായും പിന്നീട് കന്യാകുമാരി വരെയും കനാൽ പൂർത്തീകരിച്ചു. 20 മീറ്ററായിരുന്നു കനാലിന്റെ ഏറ്റവും കുറഞ്ഞ വീതി. പൂവാറിൽ നിന്നും തുടങ്ങി പൊഴിയൂർ, കൊല്ലംകോട്, തേങ്ങാപട്ടണം, കുളച്ചൽ,മണ്ടയ്ക്കാട്, പുത്തൂർ വഴിയാണ് കന്യാകുമാരിയിലേക്ക് പാത കടന്നു പോയിരുന്നത്. തൂത്തുക്കുടിയിൽ നിന്ന് ഉപ്പും, നെല്ലറയായ നാഞ്ചിനാടിൽ നിന്ന് അരിയും മറ്റ് ധാന്യങ്ങളും തിരുവിതാംകൂറിൽ എത്തിക്കുകയായിരുന്നു ഈ ജലപാതയിടെ ലക്ഷ്യം.