പാലോട് : പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിൽ സ്ഥാപിക്കുന്ന നിർദ്ദിഷ്ട മാലിന്യപ്ളാന്റ് വാമനപുരം നദിക്കരയിലെ 38 കുടിവെള്ള പദ്ധതികളെ തകർക്കുമെന്ന് ആരോപിച്ച് പെരുമാതുറ കടലോരത്തു നിന്ന് കഴിഞ്ഞ 26ന് പുറപ്പെട്ട ഉണർത്തുജാഥ ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിൽ പാലോട്ട് സമാപിച്ചു. ആയിരങ്ങൾ അണിനിരന്ന കൂറ്റൻ റാലിയിൽ മാലിന്യപ്ലാന്റിനെതിരെ പ്രതിഷേധം ആർത്തലച്ചു. സ്ത്രീകളും കുട്ടികളും ആദിവാസികളും അടക്കം അണിനിരന്ന ഉണർത്തുജാഥ നിയമസഭയിലേക്ക് നടത്തിയ സങ്കടജാഥയുടെ ഓർമ്മപ്പെടുത്തലായി മാറി. ആശുപത്രി ജംഗ്‌ഷനിൽ നിന്ന് രണ്ടു വരിയായി ചിട്ടയോടെ നീങ്ങിയ ജാഥ ചെങ്കോട്ട ഹൈവേയിൽ ഗതാഗതം തടസപ്പെടുത്താതെയാണ് മുന്നോട്ടു നീങ്ങിയത്. സമരസമിതി ചെയർമാൻ നിസാർ മുഹമ്മദ് സുൽഫിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം പ്രൊഫ.എം.എൻ. കാരശ്ശേരി ഉദ്‌ഘാടനം ചെയ്തു. വികസനത്തിന്റെ മറവിൽ പ്രകൃതിക്കെതിരായ കൈയേറ്റങ്ങൾ മാപ്പർഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യസാഗരത്തിൽ പങ്കെടുത്തവർക്ക് എം.എൻ. കാരശ്ശേരി ദൃഢപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൂടംകുളം ആണവനിലയം സമരനായകൻ ഡോ. എസ്.പി. ഉദയകുമാർ മുഖ്യപ്രഭാഷണം നടത്തി. ടി. ശരത്ചന്ദ്രപ്രസാദ്, ആനന്ദി രാമചന്ദ്രൻ, അഡ്വ. എച്ച്.എ. ഷറഫ്, രഘു കാണി, മോഹനൻ ത്രിവേണി, ഷഫീക്ക് കുളത്തൂപ്പുഴ, അഡ്വ. അനിൽകുമാർ, രഘുനാഥൻ നായർ തുടങ്ങിയവർ സംസാരിച്ചു. സലിം പള്ളിവിള സ്വാഗതവും സി. മഹാസേനൻ നന്ദിയും പറഞ്ഞു. പ്രകടനത്തിന് പി.എസ്. ബാജിലാൽ, ബി. പവിത്രകുമാർ, സോഫി തോമസ്, അസിം പള്ളിവിള, എച്ച്. അഷ്‌റഫ്, താന്നിമൂട് ഷംസുദ്ദീൻ, ശ്രീലത ശിവാനന്ദൻ, കൊച്ചുവിള അൻസാരി, ശശിധരൻ കാണി, ശരവൺ ചന്ദ്ര, ബെൻഷി കുറ്റിമൂട്, ഗീത പ്രിജി തുടങ്ങിയവർ നേതൃത്വം നൽകി.