തിരുവനന്തപുരം: പൊലീസ് സ്റ്റേഷൻ ആക്രമിച്ച പ്രതികളെ പിടിക്കാൻ അർദ്ധരാത്രിയിൽ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത എസ്.പി ചൈത്ര തെരേസ ജോണിനെതിരെ എന്തു നടപടി വേണമെന്ന് ആഭ്യന്തരവകുപ്പ് നിയമോപദേശം തേടി. എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ പ്രാഥമിക അന്വേഷണത്തിൽ ചൈത്രയുടെ നടപടിയിൽ നിയമപരമായ വീഴ്ചയില്ലെന്ന് കണ്ടെത്തുകയും, മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നടപടി ശുപാർശ ഒഴിവാക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിയമോപദേശം തേടിയത്. എന്തായാലും ചൈത്രയ്ക്കെതിരെ നടപടിയെടുക്കാനാണ് സർക്കാർ നീക്കം. നടപടിയെടുക്കാമെന്ന് നിയമവകുപ്പും സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും ആവർത്തിച്ച് നടപടി ആവശ്യപ്പെടുന്ന സാഹചര്യത്തിൽ എസ്.പിക്കെതിരെ നടപടിയെടുക്കാതിരിക്കാനാവില്ല. പാർട്ടിയുടെ നിലപാടാണ് മുഖ്യമന്ത്രിക്കും. മുതിർന്ന ഉദ്യോഗസ്ഥരെ അറിയിക്കാതെ രാഷ്‌ട്രീയ പാർട്ടിയുടെ ഓഫീസിൽ റെയ്ഡ് നടത്തിയ ജാഗ്രതക്കുറവ് ചൂണ്ടിക്കാട്ടിയാവും നടപടിയെടുക്കുക.
എന്താവും നടപടി
സാദ്ധ്യത-1
ചൈത്രയെ വനിതാസെൽ എസ്.പി തസ്തികയിൽ നിന്ന് മാറ്റാം. പകരം പോസ്റ്റിംഗ് നൽകാതെ 'അന്തരീക്ഷത്തിൽ' നിറുത്താം. ആറുമാസം ഇങ്ങനെ തുടരാം. കസേരയ്ക്കായി കാത്തുനിറുത്തുന്നതു തന്നെ വലിയ ശിക്ഷയാണ്. ആറുമാസത്തിനു ശേഷം അപ്രധാന ചുമതലയിൽ നിയമിക്കാം.
സാദ്ധ്യത-2
ചൈത്രയെ താക്കീത് ചെയ്യാം. എന്നാൽ കേന്ദ്രസർവീസ് ഉദ്യോഗസ്ഥർക്കെതിരെ ഇങ്ങനെയൊരു നടപടി സാഹസമാണ്. കോടതിയിൽ കേസിന് അവസരമുണ്ടാവും. രേഖാമൂലമുള്ള താക്കീതിന് വകുപ്പുതല അന്വേഷണം, മെമ്മോ തുടങ്ങിയ നടപടികൾ ആവശ്യമാണ്. ഉടനടി അസാദ്ധ്യമാവും.
സാദ്ധ്യത-3
പൊലീസിൽ നിന്ന് മാറ്റി കാക്കിയൂരിച്ച് ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിലേക്ക് മാറ്റാം. അതൊരു നടപടിയാവില്ല. നിരവധി ഐ.പി.എസുകാരെ ഇങ്ങനെ പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് മാറ്റാറുണ്ട്.
റെയ്ഡ് പാടില്ലെന്ന്
നിയമമില്ല: ഹോർമിസ് തകരൻ
രാഷ്‌ട്രീയ പാർട്ടികളുടെ ഓഫീസുകൾ റെയ്ഡ് ചെയ്യരുതെന്ന് നിയമം ഇല്ലെന്ന് മുൻ ഡി.ജി.പി ഹോർമിസ് തരകൻ പറഞ്ഞു. ചൈത്ര തെരേസ ജോണിന്റെ നടപടിയിൽ തെറ്റു കാണുന്നില്ല. കീഴ്‌വഴക്കങ്ങളല്ല നിയമമാണ് പ്രധാനം.