atl30jc

ആറ്റിങ്ങൽ: ആരാണോ ഗാന്ധിജിയെ കൊന്നത് അവർ ഇന്ത്യ ഭരിക്കുന്ന ദയനീയ സ്ഥിതിയാണ് ഇന്ന് നിലനിൽക്കുന്നതെന്നും അത് അവസാനിപ്പിച്ചില്ലെങ്കിൽ നമുക്ക് നാണക്കേടാണെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പറഞ്ഞു. ഡി.വൈ.എഫ്.ഐയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങലിൽ നടന്ന യുവ സാക്ഷ്യം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

കേരളം പ്രളയ സഹായം അഭ്യർത്ഥിച്ചപ്പോൾ നിരസിച്ച മോദി സർക്കാർ, പ്രതിമകൾ സ്ഥാപിക്കാൻ കോടിക്കണക്കിന് രൂപയാണ് മുടക്കുന്നത്. ഇത് ജനദ്രോഹപരമാണ്. മോദിയുടെ സംസ്കാരം കോർപറേറ്റുകൾക്കു മുന്നിൽ വാ പൊത്തി നിൽക്കലാണ്. അങ്ങനെയുള്ള ആളാണ് കേരളസർക്കാർ സംസ്കാരം തകർക്കുന്നു എന്ന് വിലപിച്ചത്. ഇത്തരത്തിലുള്ള സർക്കാരിനെ ഇപ്പോഴും താങ്ങി നിറുത്തുന്നത് കോൺഗ്രസാണെന്നതാണ് അദ്ഭുതം. വിദ്യാ സമ്പന്നരായ കേരളീയരോട് ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും വിടുവായത്തങ്ങൾ വിലപ്പോകില്ല. ഭരണഘടനയെ അനുസരിച്ചതും ലിംഗ സമത്വം പാലിക്കാൻ യത്നിച്ചതുമാണ് പിണറായി സർക്കാരിനെതിരെ മോദി പറയുന്ന പോരായ്മകൾ.

രാഹുൽ ഗാന്ധി കേരളത്തിൽ വന്ന് പ്രസംഗിച്ചത് വങ്കത്തമാണ്. ഇവിടെ സ്കൂളുകളും ആരോഗ്യ സ്ഥാപനങ്ങളും ഉണ്ടോ എന്നാണ് അദ്ദേഹം ചോദിച്ചത്. മറ്റേതോ സംസ്ഥാനത്തിൽ പ്രസംഗിക്കാൻ തയ്യാറാക്കിയത് ഇവിടെ പറയുകയായിരുന്നു എന്നും അതിലൂടെ അദ്ദേഹം അപഹാസ്യ നാവുകയാണെന്നും വൃന്ദാ കാരാട്ട് പറഞ്ഞു.

ശുഭ്ര പതാക ഏന്തിയ യുവത്വം അണിനിരന്ന റാലി നടന്നു. ഷിനു തങ്കൻ അദ്ധ്യക്ഷത വഹിച്ചു. അനൂപ്,​ ആർ.രാമു,​ ആർ.സുഭാഷ്,​ സുരേഷ് ബാബു,​ എസ്.ലെനിൻ,​ എസ്.രാജീവ്,​ മധു മുല്ലശ്ശേരി,​ എം.പ്രദീപ്,​ എം.പി. ദിനേശ്,​ അജിത്,​ വിഭീഷ്,​ രഹ്ന,​ സിബി,​ ഷിനു,​ അഡ്വ. ഷൈലജാ ബീഗം,​ അഡ്വ. സി.ജെ. രാജേഷ് കുമാർ തുടങ്ങി നിരവധി നേതാക്കൾ വേദി പങ്കിട്ടു.