തിരുവനന്തപുരം:ബിവറേജസ് കോർപ്പറേഷനിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവു മറികടന്ന് അസിസ്റ്റന്റ് മാനേജർ തസ്തികയിൽ സ്ഥാനക്കയറ്റത്തിനു നീക്കം. ദിവസങ്ങൾക്കു മുമ്പ് കോർപ്പറേഷനിൽ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചത് ഇതിനു മുന്നോടിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അഞ്ചു വർഷത്തിനിടെ രണ്ട് പ്രൊമോഷനുകൾ ലഭിച്ചവർക്കാണ് വീണ്ടും സ്ഥാനക്കയറ്റം നൽകാൻ നീക്കമെന്നാണ് ആരോപണം. സമാന പദവിയിലുള്ള മറ്റു വിഭാഗത്തിലെ ജീവനക്കാരെ പ്രൊമോഷന് പരിഗണിച്ചിട്ടില്ല. അസിസ്റ്റന്റ് ഗ്രേഡ് -2 തസ്തികയിൽ ജോലിയിൽ പ്രവേശിച്ച 263 പേർക്ക് 2014-ൽ മുൻകാല പ്രാബല്യത്തോടെ അസിസ്റ്രന്റ് ഗ്രേഡ്-1 ആയി സ്ഥാനക്കയറ്രം നൽകിയിരുന്നു. ഇതിൽ 70 പേരെ 2015-ൽ അസിസ്റ്റന്റ് മാനേജർ ആക്കി. ഇവർക്കാണ് ഇപ്പോൾ മാനേജർ തസ്തികയിലേക്ക് പ്രൊമോഷൻ നല്കാനുള്ള നീക്കം. സ്റ്റാഫ് പാറ്റേൺ നിലവിൽ വന്നിട്ടില്ലാത്ത ബെവ്കോയിൽ 20 വർഷമെങ്കിലും സർവീസ് ഉള്ളവർക്കാണ് നേരത്തേ മാനേജർ ആയി പ്രൊമോഷൻ നൽകിയിരുന്നത്. അല്ലാത്തവർക്ക് മാനേജരുടെ ചുമതല നൽകുന്നതാണ് രീതി.
2015-ൽ രണ്ടാമത്തെ പ്രൊമോഷൻ ലിസ്റ്റ് തയ്യാറാക്കിയപ്പോൾ പ്രമോഷന് പരിഗണിക്കപ്പെടാത്ത ജീവനക്കാർ കോടതിയെ സമീപിച്ചു. സ്ഥാനക്കയറ്റം ലഭിച്ചവർക്ക് അനുകൂലമായി വിധിയുണ്ടായെങ്കിലും പിന്നീട് ഡിവിഷൻ ബഞ്ച് ഈ വിധി സ്റ്റേ ചെയ്തു. കേസിൽ തീർപ്പുണ്ടാകുന്നതു വരെ പ്രൊമോഷൻ നടപടികൾ പാടില്ലെന്നാണ് ഉത്തരവ്.