തിരുവനന്തപുരം: പ്രളയാനന്തര കേരള പുനർനിർമാണത്തിൽ അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാനയ്ക്ക് വലിയ സംഭാവന നൽകാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഫൊക്കാന കേരള കൺവെൻഷന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എന്നും നാടിന്റെ പ്രശ്നങ്ങൾക്കൊപ്പം നിൽക്കാനാണ് ഫൊക്കാന ശ്രമിച്ചിട്ടുള്ളത്. പുനർനിർമാണത്തിന് ഒട്ടേറെ ആശയങ്ങൾ സമാഹരിക്കേണ്ടതുണ്ട്. അതിന് നമ്മുടെ അറിവ് പോരാതെ വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഫൊക്കാനയുടെ ആശയങ്ങൾ പ്രസകത്മാകുന്നത്. പ്രളയഘട്ടത്തിൽ ഫൊക്കാന പ്രകടിപ്പിച്ച ഉത്കണ്ഠയും പ്രളയബാധിതരെ സഹായിക്കാൻ മുന്നോട്ട് വന്നതും സ്വാഗതാർഹമാണ്. മന്ത്രിമാരെ അമേരിക്കയിലേക്കടക്കം അയയ്ക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ ആർക്കും മനസിലാകാത്ത കാരണങ്ങളാൽ കേന്ദ്രം മന്ത്രിമാർക്ക് സന്ദർശനാനുമതി നിഷേധിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ തകർന്ന കേരളത്തിന്റെ ചിത്രമല്ല, വിജയകരമായി അതിജീവിച്ച കേരളത്തിന്റെ ചിത്രമാണ് പ്രചരിപ്പിക്കേണ്ടതെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. പ്രളയബാധിതർക്ക് ഫൊക്കാന നൂറ് വീടുകൾ നിർമിച്ചു നൽകുന്നതും തോട്ടം തൊഴിലാളികൾക്കിടയിൽ പ്രവർത്തനം കേന്ദ്രീകരിക്കുന്നതും നല്ല കാര്യമാണ്. ഫൊക്കാനയുടെ മലയാളം അക്കാഡമി, ചെറുകിട സംരംഭകരെ പ്രോത്സാഹിപ്പിക്കാനുള്ള ഏയ്ഞ്ചൽ കണക്ട്, നഴ്സിംഗ് മേഖലയിലെ ഇടപെടൽ, എച്ച്.ഐ.വി ബാധിതരായ കുട്ടികൾക്കായുള്ള സാന്ത്വനം പദ്ധതി എന്നിവയെല്ലാം സ്വാഗതാർഹമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അറ്റ്‌ലാന്റിക് സിറ്റിയിൽ നടക്കുന്ന 2020ലെ നാഷണൽ കൺവെൻഷന്റെ പ്രഖ്യാപനം മുഖ്യമന്ത്രി നിർവഹിച്ചു. ഭവനം പദ്ധതിയുടെ ഭാഗമായി സമാഹരിച്ച തുകയുടെ ചെക്ക് ഭാരവാഹികൾ മുഖ്യമന്ത്രിക്ക് കൈമാറി. കേണൽ ബി.പി.ര മേഷ്, രാജ്മോഹൻ, കെ. ആനന്ദ്, സി.പി. ജയശങ്കർ എന്നിവർക്ക് മുഖ്യമന്ത്രി ഉപഹാരങ്ങൾ നൽകി.
ഫൊക്കാന പ്രസിഡന്റ് മാധവൻ ബി. നായർ അദ്ധ്യക്ഷനായി. എം.പിമാരായ ശശി തരൂർ, പി.വി. അബ്ദുൾ വഹാബ്, ചെറിയാൻ ഫിലിപ്പ്, ഡോ. എം. അനിരുദ്ധൻ, പോൾ കറുകപ്പള്ളിൽ, കെ. വരദരാജൻ, ടോമി കൊക്കനാട്, ജോർജി വർഗീസ്, സജിമോൻ, മാമ്മൻ സി. ജേക്കബ്, ലൈസി അലക്സ്, ഡോ. ആനി പോൾ, ഡോ. സുജ ജോസ്, ഷീല, പ്രവീൺ തോമസ്, ഡോ. രഞ്ജിത്ത് പിള്ള തുടങ്ങിയവർ പങ്കെടുത്തു.