eye

തിരുവനന്തപുരം: സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന തിരുവനന്തപുരം കണ്ണാശുപത്രിക്ക് ശാപമോക്ഷമാവുന്നു. നാല് വർഷമായിട്ടും പണി തീരാത്ത വീടായി കിടന്ന കണ്ണാശുപത്രിക്ക് എതിർവശത്തെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഒഫ്താൽമോളജിയിലെ (ആർ.ഐ.ഒ) പുതിയ കെട്ടിടം എത്രയും വേഗം പ്രവർത്തനസജ്ജമാക്കാൻ മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ നിയമസഭ മന്ദിരത്തിൽ അടിയന്തര യോഗം ചേർന്നു. അന്തിമഘട്ടത്തിലായ ജോലികളിൽ ശേഷിക്കുന്ന ഇ-ഹെൽത്ത് ഉൾപ്പെടെയുള്ളവ ത്വരിതഗതിയിൽ പൂർത്തിയാക്കാൻ മന്ത്രി നിർദ്ദേശം നൽകി. പുതിയ കെട്ടിടം പ്രവർത്തനക്ഷമമാക്കുന്നതിന്റെ ഭാഗമായി 54 അധിക തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം അടുത്തിടെ അനുമതി നൽകിയിരുന്നു. ഇതുകൂടാതെ 30 ഹോസ്‌പിറ്റൽ അറ്റൻഡർമാരെയും 8 സെക്യൂരിറ്റിക്കാരെയും നിയമിക്കാനും അനുമതി നൽകിയിരുന്നു. ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലാ ബീവി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു, ആർ.ഐ.ഒ ഡയറക്ടർ ഡോ. സഹസ്രനാമം, പി.ഡബ്ലിയു.ഡി, വാട്ടർ അതോറിട്ടി, കെ.എസ്.ഇ.ബി, ഇ - ഹെൽത്ത്, കെ.എം.എസ്.സി.എൽ തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

 പരാധീനതകൾ പലത്

കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ അവസാനകാലത്താണ് പുതിയ കെട്ടിടം നിർമാണം പൂർത്തിയാക്കിയത്. നിലവിലെ കണ്ണാശുപത്രിയിലെ ഒ.പിയുടെ പ്രവർത്തനം പഴക്കം ചെന്ന കെട്ടിടത്തിലാണ്. മഴ പെയ്താൽ ചോർന്നൊലിക്കുന്ന മേൽക്കൂര. ഇത്തരം ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് ബഹുനില കെട്ടിടം നിർമിച്ചത്. അക്കാലത്തു തന്നെ ഉദ്ഘാടനവും നടത്തി. തുടർന്ന് കണ്ണാശുപത്രി ഇങ്ങോട്ട് പ്രവർത്തനം മാറ്റുമെന്ന് രോഗികൾ പ്രതീക്ഷിച്ചുവെങ്കിലും ഒന്നുമുണ്ടായില്ല.

 പുതിയമുഖം, പത്തൻ സജ്ജീകരണങ്ങൾ

ഈ ബഹുനിലമന്ദിരം പ്രവർത്തന സജ്ജമാകുന്നതോടെ റഫറൽ ഒ.പിയും പ്രധാനപ്പെട്ട സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളും മാറ്റി സ്ഥാപിക്കും. തിരക്കും കുറയ്ക്കാനാകും. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും കൂടുതൽ പേർക്ക് ചികിത്സ നൽകുന്നതിനും കഴിയും. ഒരു ആധുനിക തിയേറ്റർ കോംപ്ലക്‌സ്, ലാബ് സമുച്ചയം, ഡേ കെയർ വാർഡ് എന്നിവയും ഇവിടെ സജ്ജീകരിക്കുന്നുണ്ട്. ഇത് പൂർണമായും പ്രവർത്തന സജ്ജമാകുന്നതോടെ തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കണ്ണാശുപത്രികളിൽ ഒന്നായി തിരുവനന്തപുരം ആർ.ഐ.ഒ മാറും.