തിരുവനന്തപുരം:സ്വന്തം കാലിൽ നിൽക്കാൻ കെ.എസ്.ആർ.ടി.സിയെ പ്രാപ്തമാക്കുമ്പോഴാണ് ടോമിൻ ജെ.തച്ചങ്കരിയെ എം.ഡി സ്ഥാനത്ത് നിന്ന് സർക്കാർ തെറിപ്പിച്ചത്.
ഒരു രൂപ പോലും കടം വാങ്ങാതെ ജീവനക്കാർക്ക് ശമ്പളം നൽകണമെന്ന സ്വപ്നം തച്ചങ്കരി യാഥാർത്ഥ്യമാക്കി. കാൽ നൂറ്റാണ്ടിനു ശേഷം സ്വന്തം വരുമാനത്തിന്റെ വിഹിതം ശമ്പളമായി ജീവനക്കാരുടെ അക്കൗണ്ടിൽ ലഭിക്കുമ്പോൾ അതിന്റെ കാരണക്കാരനെ മാറ്റിയത് സർക്കാരിന് പൊതുജനത്തിനു മുന്നിൽ അവമതിപ്പുണ്ടാക്കും.
സർക്കാർ സഹായവും ബാങ്ക് വായ്പയും ഇല്ലാതെ ശമ്പളം നൽകാനാവില്ലെന്ന ചരിത്രം തിരുത്തിയ കെ.എസ്.ആർ.ടി.സിയെ 27ന് ഫേസ്ബുക്ക് കുറിപ്പിൽ മുഖ്യമന്ത്രി പ്രശംസിച്ചിരുന്നു. ജീവനക്കാരുടെ ശമ്പള വർദ്ധന ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കുന്നതിനുള്ള ആലോചനകൾക്കിടെയാണ് തച്ചങ്കരിയെ തെറിപ്പിച്ചത്.
ഇലക്‌ട്രിക് ബസുകളിലൂടെ കോർപ്പറേഷനെ ലാഭത്തിലെത്തിക്കാനുള്ള തച്ചങ്കരിയുടെ പദ്ധതിയും സർക്കാർ തത്വത്തിൽ അംഗീകരിച്ചിരുന്നു. പരസ്യവരുമാനം കൂട്ടാൻ ഇടനിലക്കാരെ ഒഴിവാക്കിയിരുന്നു. ആയിരം ബസുകൾ പുതിയ റൂട്ടുകളിൽ ഓടിച്ച് ലാഭം ഉണ്ടാക്കാനും തച്ചങ്കരി പ്ളാൻ തയ്യാറാക്കിയിരുന്നു. കീറാമുട്ടിയായിരുന്ന കോർപ്പറേഷന്റെ മേഖലാവിഭജനം നടത്തിയത് തച്ചങ്കരിയാണ്. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമയി ഡ്രൈവർ കം കണ്ടക്ടർ, കണ്ടക്ടർമാരില്ലാത്ത ടൗൺ ടു ടൗൺ സർവീസുകൾ നടത്തിയതിലും തച്ചങ്കരിയുടെ നിശ്ചദാർഢ്യമായിരുന്നു.
ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡയറക്റായ തച്ചങ്കരി അധികച്ചുമതലയായിട്ടാണ് കെ.എസ്.ആർ.ടി.സി എം.ഡി സ്ഥാനം വഹിച്ചത്. എം.ഡിയുടെ ശമ്പളം കൈപ്പറ്റാത്തതിനാൽ ആ തുകയും കോർപ്പറേഷന് ലാഭമായിരുന്നു.
യൂണിയൻകാരുടെ ശത്രു
യൂണിയൻ നേതാക്കൾക്ക് വഴങ്ങാത്തത് തച്ചങ്കരിക്ക് ഭരണകക്ഷി നേതാക്കൾക്കിടയിൽ പോലും ശത്രുക്കളെ സൃഷ്‌ടിച്ചു. ചെലവ് കുറയ്‌ക്കാൻ സൂപ്പർവൈസർ തസ്തികകൾ കുറയ്ക്കുക, ജീവനക്കാരും ബസും തമ്മിലുള്ള അനുപാതം കുറയ്ക്കുക, ലാഭകരമായ വാടകബസുകളുടെ എണ്ണം കൂട്ടുക തുടങ്ങിയ പരിഷ്കാരങ്ങൾക്ക് സംഘടനാ നേതാക്കൾ എതിരായിരുന്നു. അപ്പോഴും കോർപ്പറേഷന്റെ വരുമാനം കൂട്ടുന്ന പരിഷ്കാരങ്ങൾക്ക് മുഖ്യമന്ത്രിയുടെ പിന്തുണ ലഭിച്ചിരുന്നു.