തിരുവനന്തപുരം: മന്ത്രിമാർക്കും എം.എൽ.എമാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കാൻ ഗവർണറുടെയോ സർക്കാരിന്റെയോ അനുമതി വേണമെന്ന വ്യവസ്ഥ നീക്കി, വിജിലൻസിന് പുതിയ നിയമം തയ്യാറാകുന്നു. ഇതനുസരിച്ച് വിജിലൻസ് കേസെടുക്കാൻ ആഭ്യന്തര സെക്രട്ടറി, നിയമ സെക്രട്ടറി, വിജിലൻസ് ഡയറക്ടർ എന്നിവരുടെ സമിതിയാണ് അനുമതി നൽകേണ്ടത്.
അതേസമയം, പ്രോസിക്യൂഷൻ അനുമതിക്ക് ഗവർണറുടെയും സർക്കാരിന്റെയും നിയമനം നടത്തിയ അതോറിട്ടിയുടെയും അനുമതി വേണമെന്ന നിലവിലെ സ്ഥിതി തുടരും. കരടു നിയമം നിയമവകുപ്പ് സെക്രട്ടറി ബി.ജി ഹരീന്ദ്രനാഥ് അംഗീകരിച്ച് സർക്കാരിനു കൈമാറി. നിലവിൽ പ്രത്യേക ചട്ടമോ നിയമമോ ഇല്ലാതെയാണ് ഇതുവരെ വിജിലൻസ് പ്രവർത്തിച്ചിരുന്നത്.
വിജിലൻസിന്റെ നിയമോപദേശകർ തന്നെ കേസുകൾ വാദിക്കുന്ന നിലവിലെ രീതി മാറും.
ഉപദേശം നൽകാൻ നിയമോപദേശകരുടെ പുതിയ അഞ്ചു തസ്തിക സൃഷ്ടിക്കും. വിജിലൻസ് അഡ്‌മിനിസ്ട്രേഷനിൽ നിന്നുള്ള പ്രൊമോഷൻ തസ്തികകളാക്കി ഇത് മാറ്റും. നിലവിൽ നിയമോപദേശകരെ സർക്കാർ നിയമിക്കുകയാണ്. കേസ് വാദിക്കാൻ എട്ട് പ്രോസിക്യൂട്ടർമാരുടെ തസ്തിക സൃഷ്ടിക്കാനും വ്യവസ്ഥയുണ്ട്. സ്ഥാനക്കയറ്റം വഴിയായിയിരിക്കും ഇതിലും നിയമനം. അന്വേഷണത്തിൽ ഡയറക്ടർക്ക് പൂർണസ്വാതന്ത്ര്യം ഉറപ്പാക്കിയാണ് പുതിയ നിയമം. ഡയറക്ടർ അറിയാതെ യൂണിറ്റുകളിൽ കേസെടുക്കരുതെന്ന നിലവിലെ സ്ഥിതി തുടരും. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് വിജിലൻസിന് പ്രത്യേക നിയമമുണ്ടാക്കിയത്.