cabinet-decision

തിരുവനന്തപുരം: വനം - വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണുവിനെ റവന്യൂ, ദുരന്തനിവാരണ വകുപ്പുകളുടെ ചുമതലയിലേക്ക് മാറ്റി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. റവന്യൂ അഡിഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ ഇന്ന് വിരമിക്കുന്ന സാഹചര്യത്തിലാണിത്. വനം - വന്യജീവി വകുപ്പുകളൊഴിച്ചുള്ള അധിക ചുമതലകളും വേണു വഹിക്കും.

വനം - വന്യജീവി വകുപ്പിന്റെ അധികച്ചുമതല ആസൂത്രണ - സാമ്പത്തികകാര്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലകിന് നൽകും. പട്ടികജാതി - വർഗ വികസന വകുപ്പിലേക്ക് മാറ്റിയ ബിശ്വനാഥ് സിൻഹയ്‌ക്ക് വീണ്ടും പൊതുഭരണത്തിന്റെ അധികച്ചുമതല നൽകി. സിൻഹയെ പൊതുഭരണവകുപ്പിൽ നിന്ന് നീക്കിയത് നടപടിയുടെ ഭാഗമായാണെന്ന വ്യാഖ്യാനമുയർന്നിരുന്നു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസിന് ഊർജ്ജ, പരിസ്ഥിതി വകുപ്പുകളുടെ അധിക ചുമതല നൽകി. മൃഗസംരക്ഷണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എക്സ്. അനിൽ വിരമിക്കുന്ന മുറയ്‌ക്ക് അദ്ദേഹം വഹിച്ചിരുന്ന എല്ലാ വകുപ്പുകളും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ദേവേന്ദ്രകുമാർ സിംഗിന് അധികച്ചുമതലയായി നൽകും.

ജലനിധി എക്‌സിക്യൂട്ടീവ് ഡയറക്‌ടർ കെ. ഗോപാലകൃഷ്ണനെ പൊതുഭരണം (എ.ഐ.എസ്) വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു. ജലനിധി എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ അധികച്ചുമതലയും വഹിക്കും.

സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ജാഫർ മാലികിന് ആസൂത്രണ, സാമ്പത്തിക കാര്യ ഡെപ്യൂട്ടി സെക്രട്ടറി, സി.പി.എം.യു ഡയറക്ടർ എന്നീ അധികച്ചുമതലകൾ നൽകും.