pinarayi-vijayan

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് എതിരെ പ്രധാനമന്ത്രിയും കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയും കേരളത്തിലെത്തി നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം തകർക്കാൻ ശ്രമിക്കുന്നത് സംഘപരിവാർ ആണെന്നും സുപ്രീംകോടതി വിധി നടപ്പാക്കാൻ ബാദ്ധ്യതയുള്ള സ്ഥാനത്തിരിക്കുന്ന നരേന്ദ്ര മോദി കേരളത്തിനെതിരെ ശബ്ദിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പേട്ടയിൽ ഗാന്ധി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച യുവസാക്ഷ്യം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ നേട്ടങ്ങളെ ബോധപൂർവ്വം തമസ്‌കരിക്കുകയാണ് പ്രധാനമന്ത്രി. സ്വന്തം സ്ഥാനം മറന്ന് ആർ.എസ്.എസ് പ്രചാരകനെപ്പോലെയാണ് മോദി സംസാരിക്കുന്നത്. ബി.ജെ.പിയുടെ വർഗീയ അജൻഡ കേരളത്തിൽ നടപ്പാക്കുകയാണ് ലക്ഷ്യം. ഇതിനായി കേരളത്തെ വികസനമില്ലാത്ത സംസ്ഥാനമായും,​ സംസ്ഥാന സർക്കാർ മതേതരത്വവും വിശ്വാസവും തകർക്കുന്നതായും ചിത്രീകരിക്കുന്നു. ബി.ജെ.പിയുടെ മറ്റു നേതാക്കളുടെ അതേ ചെയ്തിയാണ് ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടേത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം കേരളത്തിൽ വന്ന രാഹുൽ ഗാന്ധിയും മോദിയുടെ അതേ ഭാഷയിലാണ് സംസാരിച്ചത്. കേരളത്തിലെ ആരോഗ്യരംഗത്തെയും വിദ്യാഭ്യാസത്തെയും താഴ്ത്തിക്കെട്ടി സംസാരിച്ച രാഹുൽ സ്വയം അപഹാസ്യനാകുകയാണ് ചെയ്തത്. വർഗീയതയ്‌ക്കെതിരെ നിലകൊള്ളുന്നുവെന്ന് പറയുമ്പോഴും വർഗീയതയോട് സമരസപ്പെടുന്ന രീതിയാണ് കോൺഗ്രസിന്റേത്. ദേശീയ തലത്തിലായാലും കേരളത്തിലായാലും കോൺഗ്രസിന്റെ രീതി അതാണ്. മതാതിഷ്ഠിത രാജ്യമെന്ന ആർ.എസ്.എസിന്റെ ആശയത്തോട് കോൺഗ്രസ് സമരസപ്പെടുന്നതിനു തെളിവാണ് നേരത്തേ കോൺഗ്രസ് ഭരിച്ചിരുന്ന സംസ്ഥാനങ്ങൾ ഇപ്പോൾ ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളായി മാറിയത്. ആർ.എസ്.എസ് അഭിമാനിക്കുന്ന ഋഷിവര്യന്മാരുടെ സൂക്തമല്ല,​ ഹിറ്റ്ലറുടെ ആശയ സംഹിതയാണ് അവർ സ്വീകരിക്കുന്നത്. രാജ്യത്തിന്റെ ആഭ്യന്തര ശത്രുവായി അവർ കാണുന്നത് മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകാരെയുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.