തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ക്ഷേത്രപരിസരത്തും അനുബന്ധ വാർഡുകളിലും നഗരസഭയുടെ അറ്രകുറ്റ, ശുചീകരണ പ്രവർത്തനം പുരോഗമിക്കുന്നു. പണികളുടെ പുരോഗതി മേയർ വി.കെ. പ്രശാന്ത് ഇന്നലെ വിലയിരുത്തി. ആറ്റുകാൽ പ്രദേശത്തെ റോഡുകളുടെ അറ്റകുറ്റപ്പണി രണ്ട് ആഴ്ചയ്ക്കകം പൂർത്തിയാകുമെന്ന് സന്ദർശന ശേഷം മേയർ അറിയിച്ചു. ഹെൽത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓടയുടെയും പൊതുസ്ഥലങ്ങളുടെയും ശുചീകരണവും പുരോഗമിക്കുന്നു. ഉത്സവ മേഖലയിലെ വാർഡുകളിലെ കൗൺസിലർമാരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ഇന്ന് നഗരസഭയിൽ ചേരും. ബണ്ട് റോഡ് പ്രദേശത്തെ ശുചീകരണ പ്രവർത്തനങ്ങളും ഇന്ന് ആരംഭിക്കും.
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ നാളെ അവലോകനയോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. പുഷ്പലത, കൗൺസിലർ ആർ.സി. ബീന എന്നിവരും മേയറോടൊപ്പം ഉണ്ടായിരുന്നു.
ചുടുകട്ടകൾ ശേഖരിക്കും
മുൻ വർഷത്തെ പോലെ പൊങ്കാലയ്ക്കു ശേഷം നഗരസഭ ചുടുകട്ടകൾ ശേഖരിച്ച് ഭവന നിർമ്മാണ പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് നൽകും. കേന്ദ്ര - സംസ്ഥാന സർക്കാരിന്റെ ഭവനപദ്ധതിയുടെ ഭാഗമായി വീടുവയ്ക്കാനിറങ്ങുന്നവർക്കാണ് നഗരസഭ താങ്ങാകുന്നത്. നിർമാണ സാമഗ്രികളുടെ വിലവർദ്ധന കാരണം സർക്കാർ സഹായം കൊണ്ട് മാത്രം വീടു നിർമ്മാണം പൂർത്തിയാക്കുക വെല്ലുവിളിയാണ്. ഈ സാഹചര്യത്തിലാണ് ചുടുകട്ടകൾ സൗജന്യമായി നൽകുന്നത്.
ഇക്കുറിയും പ്ലാസ്റ്റിക് ഫ്രീ
ആറ്റുകാൽ പൊങ്കാലയിൽ ഇക്കുറിയും പ്ലാസ്റ്റിക്കിന് ഇടമില്ല. കഴിഞ്ഞ രണ്ട് വർഷമായി നടപ്പാക്കിയ ഗ്രീൻ പ്രോട്ടോക്കോളിന്റെ ചുവടുപിടിച്ച് ഇക്കുറി നടപടികൾ കർശനമാക്കാനാണ് നഗരസഭയുടെ തീരുമാനം. ഇതിനായി നഗരത്തിലെ സ്വകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ സംയുക്ത യോഗം ഉടൻ വിളിച്ചുചേർക്കും. സ്റ്റീൽ പ്ലേറ്റുകളും ഗ്ലാസുകളും സംഭാവനയായി സ്വീകരിക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തും.