ksrtc-

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ചെയർമാൻ കം മാനേജിംഗ് ഡയറക്ടർ സ്ഥാനത്ത് നിന്ന് എ.ഡി.ജി.പി ടോമിൻ തച്ചങ്കരിയെ നീക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എം.പി. ദിനേശ് ആയിരിക്കും പുതിയ സി.എം.ഡി. പൊലീസിൽ ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ദിനേശ്.

ഡി.ജി.പി പദവിയിലുള്ള ടോമിൻ തച്ചങ്കരി സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ തലവനാണ്. കെ.എസ്.ആർ.ടി.സി സി.എം.ഡിയുടേത് അധികച്ചുമതലയായിരുന്നു.

കെ.എസ്.ആർ.ടി.സിയിൽ തൊഴിലാളി യൂണിയനുകളുമായി സഹകരിച്ച് പോകുന്ന ഉദ്യോഗസ്ഥൻ ഉന്നതതലത്തിൽ വേണമെന്ന് മന്ത്രിസഭായോഗത്തിൽ വിഷയം അവതരിപ്പിക്കവേ മുഖ്യമന്ത്രി പറഞ്ഞതായി അറിയുന്നു. എം.പി ദിനേശ് തൊഴിലാളികളുമായി സഹകരിച്ച് പോകാൻ കഴിയുന്ന ഉദ്യോഗസ്ഥനാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. കൊച്ചി സിറ്റി കമ്മിഷണറായി അദ്ദേഹം അത് തെളിയിച്ചിട്ടുണ്ട്. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ ഇതിൽ കാര്യമായൊന്നും പ്രതികരിച്ചില്ലെന്നാണ് വിവരം.

കെ.എസ്.ആർ.ടി.സിയെ ലാഭത്തിലേക്ക് നയിക്കാൻ തച്ചങ്കരി നടത്തിയ ശ്രമങ്ങളെ തൊഴിലാളി യൂണിയനുകൾ ഒന്നടങ്കം എതിർത്തിരുന്നു. എതിർപ്പുകൾ വക വയ്ക്കാതെ അദ്ദേഹം കൈക്കൊണ്ട തീരുമാനങ്ങൾ അതുകൊണ്ടുതന്നെ വിവാദങ്ങൾക്കും ഇടയാക്കി. തച്ചങ്കരിയുടെ കാലത്ത് നടപ്പാക്കിയ ഡ്യൂട്ടി പരിഷ്കരണം അടക്കമുള്ള നടപടികൾക്കെതിരെ തൊഴിലാളിസംഘടനകൾ രംഗത്ത് വന്നു. സി.ഐ.ടി.യു അടക്കമുള്ള സംഘടനകൾ ഇതിനെതിരെ കെ.എസ്.ആർ.ടി.സിയിൽ പണിമുടക്ക് പ്രഖ്യാപിച്ചെങ്കിലും ഹൈക്കോടതി ഇടപെടലിനെ തുടർന്ന് മാറ്റി വയ്ക്കുകയായിരുന്നു.

ഗതാഗതമന്ത്രിയുടെ നിർദ്ദേശങ്ങൾ എം.ഡി അംഗീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറയുന്നത് മാത്രമാണ് അനുസരിക്കുന്നതെന്നും കഴിഞ്ഞ ദിവസം അടിയന്തരപ്രമേയം അവതരിപ്പിക്കവേ പ്രതിപക്ഷവും നിയമസഭയിൽ ആരോപിച്ചിരുന്നു. നഷ്ടത്തിലായ കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കുന്നതിനാണ് മുഖ്യമന്ത്രി മുൻകൈയെടുത്ത് തച്ചങ്കരിയെ നിയമിച്ചത്. കഴിഞ്ഞ മാസത്തെ ശമ്പളം കെ.എസ്.ആർ.ടി.സിയുടെ സ്വന്തം വരുമാനത്തിൽ നിന്ന് നൽകാൻ തച്ചങ്കരിക്ക് സാധിച്ചത് ഭരണമികവായി വിലയിരുത്തപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് മാറ്റം.