high

തിരുവനന്തപുരം: വാഹനാപകടത്തിൽപ്പെട്ട് നടക്കാൻ കഴിയാത്ത ജീവനക്കാരനോട് കണ്ടക്ടറായി ജോലി ചെയ്യാൻ ആവശ്യപ്പെട്ട കെ.എസ്.ആർ.ടി.സിക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ. എം.ഡി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്​റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. കേസ് ഫെബ്രുവരി 25 ന് പരിഗണിക്കും. മനുഷ്യാവകാശ പ്രവർത്തകനായ പി.കെ. രാജു നൽകിയ പരാതിയിലാണ് നടപടി. 2013 ജൂൺ 1 ന് രാത്രി കിഴക്കേകോട്ടയിൽ നിന്നു ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ

ഏണിക്കര വച്ചാണ് വെള്ളനാട് നീരാഴി ലൈൻ സൂര്യമനയിൽ എസ്. ഗോപകുമാറിന്റെ ബൈക്കിൽ കാറിടിച്ചത്. അപകടത്തിൽ വലതുകാലിന് പരിക്കേറ്റ് 22 മാസം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കണ്ടക്ടറായി ജോലി ചെയ്യാൻ കഴിയാതെ വന്നതോടെ സഹപ്രവർത്തകർ അതർ ഡ്യൂട്ടി നൽകുകയായിരുന്നു. എന്നാൽ പുതിയ മാനേജിംഗ് ഡയറക്ടർ ചുമതലയേ​റ്റതോടെ ഗോപകുമാറിനെ കണ്ടക്ടർ ജോലിയിലേക്ക് മടങ്ങാൻ നിർദ്ദേശം നൽകി. എം.ഡിയെ നേരിൽ കണ്ടിട്ടും ഫലമുണ്ടായില്ല. ഇപ്പോൾ മെഡിക്കൽ അവധിയിലാണ്‌ ഗോപകുമാർ. ഭാര്യയുടെ പേരിലുണ്ടായിരുന്ന വസ്തു വി​റ്റാണ് ചികിത്സ നടത്തിയത്. സ്വന്തമായി ഒരു സെന്റ് ഭൂമി പോലുമില്ല. വാടകവീട്ടിലാണ് താമസം.