education

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസത്തിന് ഉയർന്ന നിലവാരം ഉറപ്പാക്കാൻ ബഡ്‌ജറ്റിലുള്ളത് വമ്പൻ പദ്ധതികൾ. ലോകപ്രശസ്‌ത ശാസ്ത്രജ്ഞരെ കാമ്പസുകളിലെത്തിക്കുന്ന എറുഡീറ്റ് പദ്ധതി, മെന്ററിംഗ് പ്രോഗ്രാമായ വാക്ക് വിത്ത് ദ സ്കോളർ, അക്കാഡമിക് ഇന്നൊവേഷനെ ഗവേഷണവുമായി ബന്ധപ്പെടുത്തുന്ന ഫ്ലെയർ പദ്ധതി, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ ഗവേഷണം പ്രോത്സാഹിപ്പിക്കാൻ എഫ്.ആർ.എസ്, അന്വേഷണ കൗതുകം ഉണർത്താൻ 35000 രൂപയുടെ പ്രോജക്‌ട് നൽകുന്ന എൻ.ഐ.ടി പദ്ധതി എന്നിവയ്‌ക്കായി 18 കോടിയാണ് വകയിരുത്തിയത്.

സർക്കാർ കോളേജുകളിൽ നാക് അക്രഡിറ്റേഷനായി 25 കോടി വകയിരുത്തി. ഗവ. കോളേജുകളിൽ നവീന കോഴ്സുകളും തുടങ്ങും. സാഹിത്യം, കല, സ്‌പോർട്സ് എന്നിവയിലെ മികവിനുള്ള സ്കോളർഷിപ്പിനായി ഒമ്പത് കോടിയും നൽകും. ഒരു പ്രദേശത്തെ കോളേജുകളെ ഏകോപിപ്പിക്കുന്ന ലീഡ് കോളേജുകൾ രൂപീകരിക്കും. ഉന്നതവിദ്യാഭ്യാസത്തിനായി 250 കോടിയുടെ റൂസ ഫണ്ട് ലഭ്യമാക്കും. സർവകലാശാലകൾക്ക് 1513 കോടിയാണ് വിഹിതം. കേരള - 29 കോടി, കാലിക്കറ്റ് - 25 കോടി, എം.ജി - 27 കോടി, സംസ്‌കൃതം - 17 കോടി, കണ്ണൂർ- 25 കോടി, നുവാൽസ്- 7 കോടി, മലയാളം - 9 കോടി എന്നിവ വകയിരുത്തി. ഉന്നതവിദ്യാഭ്യാസ കൗൺസിലിന് 17 കോടിയും ചരിത്രഗവേഷണ കൗൺസിലിന് 10 കോടിയുമുണ്ട്. സെന്റർ ഫോർ കോസ്റ്റൽ ഹെറിഡിറ്ററി സ്റ്റഡീസിന് രണ്ട് കോടിയും കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന് അഞ്ച് കോടിയും നൽകും.

എൻജിനിയറിംഗ് ഗുണനിലവാരമുയർത്താനും വ്യവസായ സമ്പർക്കം വർദ്ധിപ്പിക്കാനും 14 കോടി വകയിരുത്തി. എൻജിനിയറിംഗ് കോളേജുകൾക്ക് 43 കോടിയുണ്ട്. വിശേഷ വിഷയങ്ങളിൽ ലഘുഗവേഷണ കേന്ദ്രങ്ങൾ വരും. വ്യവസായ കമ്പനികളുമായി ചേർന്ന് പി.പി.പി മാതൃകയിൽ നവീന കോഴ്സുകളുണ്ടാകും. പോളിടെക്‌നിക്കുകളുടെ വികസനത്തിന് 44 കോടിയുണ്ട്. പോളിടെക്‌നിക്കുകളിൽ ലൈബ്രറികളടക്കം അക്കാഡമിക് സൗകര്യങ്ങൾക്കായി 15 കോടിയുണ്ട്. കുസാറ്റിന് 25 കോടിയും സാങ്കേതിക സർവകലാശാലയ്‌ക്ക് 31 കോടിയും ഐ.എച്ച്.ആർ.ഡിക്ക് 19 കോടിയും വകയിരുത്തി. തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിലെ ഗവേഷണ പ്രോത്സാഹന കേന്ദ്രങ്ങൾക്ക് അഞ്ചരക്കോടി വകയിരുത്തി.

 ഉന്നതവിദ്യാഭ്യാസത്തിന് 695 കോടി

 സാങ്കേതിക വിദ്യാഭ്യാസത്തിന് 249 കോടി

 തോന്നയ്‌ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ 25000 ചതുരശ്രയടി കെട്ടിടം

 78000 ചതുരശ്രയടി കെട്ടിടത്തിന്റെ രണ്ടാംഘട്ടത്തിന് 50 കോടി

 ഓപ്പൺ സർവകലാശാലയുടെ പ്രാരംഭപ്രവർത്തനത്തിന് ഒരു കോടി

 കോളേജുകളിൽ വീഡിയോ കോൺഫറൻസിംഗുള്ള ക്ലാസ്‌റൂമിന് അഞ്ച് കോടി

 ലൈബ്രറി, ലബോറട്ടറി നവീകരണത്തിന് ഏഴ് കോടി

 സർക്കാർ സ്വയംഭരണ കോളേജുകൾക്ക് അഞ്ച് കോടി

 സ്‌കിൽ അക്വിസേഷൻ പ്രോഗ്രാമിന് 282 കോടി

 കോളേജുകൾ നവീകരിക്കാൻ കിഫ്ബിയിൽ നിന്ന് 300.74 കോടി

 സ്‌പോർട്സ്, ഫർണിച്ചർ അനുബന്ധ സൗകര്യങ്ങൾക്ക് 50 കോടി

 സയൻസ് ടെക്നോളജി ആൻഡ് എൻവയൺമെന്റ് കൗൺസിലിന് 152 കോടി

വിദ്യാഭ്യാസത്തിന്

അടങ്കൽ 3154 കോടി

കേന്ദ്രവിഹിതമടക്കം വിദ്യാഭ്യാസ മേഖല‌യ്‌ക്കുള്ള അടങ്കൽ 315 4കോടിയാണ്. സംസ്ഥാന പദ്ധതിവിഹിതം 1938 കോടിയുണ്ട്. വിദ്യാഭ്യാസമേഖലയ്‌ക്ക് കിഫ്ബിയിൽ നിന്ന് 100 കോടി ലഭിക്കും. വിദ്യാഭ്യാസത്തിലും 4000 കോടിയുടെ സർവകാല റെക്കാഡ് ചെലവാണ് പ്രതീക്ഷിക്കുന്നത്.