തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയെ ദുഃസ്ഥിതിയിൽ നിന്ന് കരകയറ്റുമെന്ന് ബഡ്‌ജറ്റിൽ പ്രഖ്യാപനം. ഇതിനായി ചെലവുചുരുക്കൽ, വരുമാനം വർദ്ധിപ്പിക്കൽ നടപടികൾ തൊഴിലാളികളും മാനേജ്മെന്റും യോജിച്ച് നടപ്പാക്കണം. കെ.എസ്.ആർ.ടി.സി പുനരുദ്ധാരണത്തിന് ബാങ്കുകളുമായി ധാരണയിലെത്തിയിട്ടുണ്ട്. ഈ പാക്കേജിൽ ആദ്യവർഷം 1000 കോടി സർക്കാർ നൽകും. 2019-20ലും 1000 കോടി നൽകും. പെൻഷൻ, ശമ്പളം, വായ്പാ തിരിച്ചടവ് ഇനങ്ങളിലായി 921 കോടി ചെലവിട്ടു. കെ.എസ്.ആർ.ടി.സിയുടെ സൗജന്യസേവനങ്ങൾക്ക് നഷ്ടപരിഹാരം നൽകും.
ഉൾനാടൻ ജലഗതാഗത മേഖലയ്‌ക്ക് 131 കോടി
പുതിയ ബോട്ടുകൾ വാങ്ങാൻ 21 കോടി
വൈക്കം - തവണക്കടവ് കടത്തിൽ റോ-റോ സർവീസ്
ഡീസൽ എൻജിനുകളിൽ നിന്ന് സി.എൻ.ജി, ഇലക്ട്രിക് ബോട്ടുകളിലേക്ക് മാറും
ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന് രാത്രി താമസ സൗകര്യമുള്ള ക്രൂസ് വെസൽ വാങ്ങാൻ 40 കോടി
1200 ടൺ ശേഷിയുള്ള ബാർജും വാങ്ങും
ഹൈക്കോടതിക്ക് സമീപത്തെ ജെട്ടിയുടെ നവീകരണത്തിന് 2.7 കോടി
വിമാനത്താവളത്തിന് 18 ഏക്കർ
തിരുവനന്തപുരം വിമാനത്താവളത്തിന് 18 ഏക്കർ ഏറ്റെടുക്കും. സർക്കാർ സൗജന്യമായി നൽകിയ ഭൂമി സ്വകാര്യകമ്പനികൾക്ക് വിൽക്കാനാണ് കേന്ദ്ര തീരുമാനം. വാങ്ങാനുള്ള ആദ്യാവകാശം നൽകണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ചിട്ടില്ല. ടെൻഡറിൽ പങ്കെടുക്കാൻ അനുവാദമുണ്ട്. ഇതിനായി ടിയാൽ കമ്പനി രൂപീകരിച്ചു. ശബരിമല വിമാനത്താവളത്തിനും ഹെലിപോർട്ടുകൾക്കുമുള്ള സാങ്കേതിക - സാമ്പത്തിക പഠനം പുരോഗമിക്കുകയാണ്.
തലശേരി-മൈസൂർ, നിലമ്പൂർ നഞ്ചൻകോട് പുതിയ റെയിൽപാതകൾ റെയിൽവേ വികസന കോർപറേഷന്റെ പരിഗണനയിലാണ്. മഹാരാജാസ് മുതൽ പേട്ട വരെയുള്ള കൊച്ചി മെട്രോ ലൈൻ 2019-20ൽ പൂർത്തിയാവും. തുറമുഖ വകുപ്പിന് 98 കോടിയുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ടത്തിലെ 40 ശതമാനം പണി പൂർത്തിയായി. അഴീക്കൽ, ബേപ്പൂർ, കൊല്ലം, വിഴിഞ്ഞം, പൊന്നാനി തുറമുഖങ്ങളിലെ ഷിപ്പിംഗ് ഓപ്പറേഷൻ വിപുലീകരിക്കാൻ 48 കോടി. അഴീക്കലിൽ ഗ്രീൻഫീൽഡ് തുറമുഖത്തിനായി 13 കോടി. ഹാർബർ എൻജിനിയറിംഗ് വകുപ്പിന് 10 കോടി.