sathyan

നേമം: പ്രാവച്ചമ്പലത്തിനടുത്ത് മുട്ടമൂട്ടിൽ വീട് നിർമ്മാണത്തിനിടെ മേസ്തിരി കാൽവഴുതി കിണറ്റിൽ വീണുമരിച്ചു. പള്ളിച്ചൽ പകലൂർ കോതവിള ബഥേൽ വീട്ടിൽ മണിയന്റെയും സുലോചനയുടേയും മകൻ സത്യൻ (47) ആണ് മരിച്ചത്. സത്യന്റെ സഹോദരന്റെ മകളുടെ വീടു നിർമ്മാണത്തിനിടെ ഇന്നലെ രാവിലെ 9 നാണ് അപകടം.ഉയരത്തിൽനിന്ന് പണിചെയ്യാനായി വീടിന്റെ ചുവരിനോ‌ടുചേർത്ത് പലകയും മുളയുംകൊണ്ടു കെട്ടിയ തട്ടിൽക്കയറുമ്പോൾ, പിടികിട്ടാതെ നിയന്ത്രണം തെറ്റി തൊട്ടുതാഴെയുള്ള കിണറ്റിൽ വീഴുകയായിരുന്നു. വീഴ്ചയ്ക്കിടയിൽ കിണറിന്റെ റിങ്ങിൽ തലയിടിച്ചതായി കൂടെയുള്ളവർ പറഞ്ഞു.മറ്റ് പണിക്കാരും നാട്ടുകാരും ചേർന്ന് സത്യനെ കിണറ്റിൽനിന്ന് പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചു . ഷീബയാണ് സത്യന്റെ ഭാര്യ. മക്കൾ - രേഷ്മ (ബി എഡ് വിദ്യാർത്ഥി , എൻ.എസ്.എസ് കോളേജ്, ധനുവച്ചപുരം) , ഗ്രീഷ്മ (ബി.കോം, എൻ.എസ്.എസ്. കോളേജ്, നീറമൺകര ).