education

ഇംഗ്ലീഷ് അദ്ധ്യാപകർക്ക് പരിശീലനം

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രണ്ടുവർഷം കൊണ്ട് 2.5 ലക്ഷം കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ അധികമായി ചേർന്നെന്ന് ബഡ്‌ജറ്റിൽ പറയുന്നു. ഇതിൽ 94 ശതമാനവും മറ്റ് സ്കൂളുകളിൽ നിന്ന് ടി.സി വാങ്ങി വന്നവരാണ്. ഇത് വലിയ നേട്ടമാണ്. 4775 സ്‌കൂളുകളിലെ 45,000 ക്ലാസ് മുറികൾ ഹൈടെക്ക് ആക്കി. 9941 പ്രൈമറി, യു.പി സ്കൂളുകൾ ഹൈടെക്ക് ആക്കാൻ 292 കോടി അനുവദിച്ചു.

അദ്ധ്യാപക പരിവർത്തനം എന്ന പുതിയ പദ്ധതിയിൽ രണ്ടാഴ്ചത്തെ റസിഡൻഷ്യൽ കോഴ്സ് തുടങ്ങും. അഞ്ചുവർഷം കൊണ്ട് എല്ലാ അദ്ധ്യാപകർക്കും പരിശീലനം നൽകും. ഹയർസെക്കൻഡറിയിൽ തൊഴിൽപരിശീലനം നടപ്പാക്കും. വി.എച്ച്.എസ്.ഇ സ്കൂളുകൾക്കായി കേരള മോഡൽ സൃഷ്ടിക്കും. സ്കൂളുകൾക്ക് പുറത്തുള്ള തൊഴിൽ പരിശീലനത്തിനും മറ്റുമായി 15 കോടിയുണ്ട്.

കുട്ടികൾക്ക് പ്രായോഗിക ഇംഗ്ലീഷ് ഭാഷാ പരി‌ജ്ഞാനം നൽകാൻ അദ്ധ്യാപകരെ പരിശീലിപ്പിക്കും. ഇതിന് 32 കോടി നീക്കിവച്ചു. ഇംഗ്ലീഷ്, ഗണിതം, സാമൂഹ്യശാസ്ത്രം എന്നിവയിലെ അക്കാഡമിക് മികവിന് പ്രത്യേക പദ്ധതികളുണ്ട്. ശ്രദ്ധ എന്ന പരിഹാരബോധന പദ്ധതിക്കായി 10 കോടിയുണ്ട്. ഗണിതത്തിൽ പിന്നാക്കമുള്ളവർക്ക് പ്രത്യേക ശ്രദ്ധ നൽകും. കലാകാരന്മാരെ പങ്കെടുപ്പിച്ച് അവധി ദിവസങ്ങളിൽ സ്കൂളുകളിൽ കലാകേന്ദ്രങ്ങൾ തുടങ്ങും. ഇതിനായുള്ള ആർട്സ്, സ്പോർട്സ് പാർക്കുകൾക്ക് 7 കോടിയുണ്ട്. സ്‌കൂൾ കലോത്സവത്തിന് ആറര കോടിയുണ്ട്.

പൊതുവിദ്യാഭ്യാസ രംഗത്തെ അടിസ്ഥാനസൗകര്യ വികസനത്തിന് 2037.91 കോടി കിഫ്ബി സഹായം

കിഫ്ബി സഹായം കിട്ടാത്ത സ്കൂളുകൾക്ക് 170 കോടി

എയ്ഡഡ് സ്കൂളുകൾക്കുള്ള മാച്ചിംഗ് ഗ്രാന്റ് തുടരും

ഹയർസെക്കൻഡറി ലൈബ്രറി, ലബോറട്ടറി നവീകരണത്തിന് 80 കോടി

ഹൈസ്കൂൾ, ഹയർസെക്കൻഡറി ലാബുകളും ലൈബ്രറികളും സംയോജിപ്പിക്കും

സ്വന്തം സ്ഥലമില്ലാത്ത സ്കൂളുകൾക്ക് ഭൂമി വാങ്ങാൻ പദ്ധതി

വിദ്യാഭ്യാസ മേഖലയിൽ പുതിയ 3656 തസ്തികകൾ