2022ൽ 10ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ
തിരുവനന്തപുരം: ഇലക്ട്രിക് ബസുകൾ മാത്രമുള്ള രാജ്യത്തെ ആദ്യ നഗരമായി തിരുവനന്തപുരത്തെ മാറ്റുമെന്ന് ബഡ്‌ജറ്റിൽ പ്രഖ്യാപനം. ആദ്യഘട്ടത്തിൽ തിരുവനന്തപുരം കോർപറേഷനിലെ മുഴുവൻ കെ.എസ്.ആർ.ടി.സി സർവീസുകളും ഇലക്ട്രിക് ബസുകളിലേക്ക് മാറും. ഇതുകൊണ്ട് കെ.എസ്.ആർ.ടി.സിക്ക് ലാഭമേ ഉണ്ടാവൂ. ശബരിമല സീസണിൽ നിലയ്ക്കൽ- പമ്പ റൂട്ടിലെ പരീക്ഷണം ഇത് തെളിയിച്ചു.
2022ൽ ഇലക്ട്രിക് വാഹനങ്ങൾ 10ലക്ഷമാക്കും. സ്വകാര്യ ഇലക്ട്രിക് വാഹനങ്ങൾക്ക് റോഡ് നികുതിയിൽ ഇളവ് നൽകും. ഇ-മൊബിലിറ്റി പ്രൊമോഷൻ ഫണ്ടിന് 12കോടിയുണ്ട്. ഇക്കൊല്ലം 10,000 ഇലക്ട്രിക് ഓട്ടോകൾക്ക് ഈ ഫണ്ടിൽ നിന്ന് സബ്സിഡി നൽകും. ചാർജ് ചെയ്ത ബാറ്ററികൾ മാറ്റിയെടുക്കാനുള്ള കേന്ദ്രങ്ങൾ നഗരത്തിൽ സ്ഥാപിക്കും. ഇത് വാഹന ഉടമകളുടെ ചെലവ് കുറയ്‌ക്കും. ഘട്ടംഘട്ടമായി നഗരങ്ങളിൽ പുതുതായി ഇലക്ട്രിക് ഓട്ടോറിക്ഷകളേ അനുവദിക്കൂ. ഒരു മാതൃക സൃഷ്ടിക്കാനാണ് കെ.എസ്.ആർ.ടി.സി ആദ്യം മാറുന്നത്.
ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്ന ഫാക്ടറികളും ഗവേഷണ കേന്ദ്രങ്ങളും സ്ഥാപിക്കും. കേരളാ ആട്ടോമൊബൈൽസിൽ ഇലക്ട്രിക് ഓട്ടോകൾ പരീക്ഷണാടിസ്ഥാനത്തിൽ നിർമ്മിച്ചുതുടങ്ങി. ഇലക്ട്രിക് ബസ് നിർമ്മിക്കാൻ സ്വിസ് കമ്പനിയുമായി ചർച്ച തുടങ്ങി. കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസുകളിലേക്ക് മാറുമ്പോൾ കേരളത്തിൽ ഈ കമ്പനിയുടെ ഉത്പാദനകേന്ദ്രം തുടങ്ങാം. അനുബന്ധ വ്യവസായങ്ങളും വരും.