2 വർഷത്തേക്ക് പ്രളയ സെസ് ക്ഷേമപെൻഷനുകൾക്ക് 100 രൂപ കൂട്ടി 800 കോടിയുടെ സമഗ്ര ആരോഗ്യ ഇൻഷ്വറൻസ്
തിരുവനന്തപുരം: നവകേരള നിർമ്മാണത്തിന് 25 കർമ്മപരിപാടികൾ. 12,18, 28 ശതമാനം ജി.എസ്.ടിയുള്ള ഉത്പന്നങ്ങൾക്ക് 2 വർഷത്തേക്ക് പ്രളയ സെസ്. ക്ഷേമപെൻഷനുകൾക്ക് 100 രൂപ വീതം വർദ്ധന. 800 കോടിയുടെ സമഗ്ര ആരോഗ്യ ഇൻഷ്വറൻസ്. സ്വർണം, പെയിന്റ്, സിമന്റ്, സെറാമിക് ടൈൽസ്, സിഗരറ്റ്, ബിയർ, സിനിമാ ടിക്കറ്റ് തുടങ്ങിയവയ്ക്ക് വില കൂടും. മദ്യത്തിന് രണ്ട് ശതമാനം നികുതി ഉയർത്തി. ചെലവ് കൂടിയാലും റവന്യൂ, ധന കമ്മികളിൽ കുറവ് വരുത്തും. വിവിധ വരുമാന മാർഗങ്ങളിലൂടെ ലഭിക്കുന്ന പണവും സെസിലൂടെ പ്രതീക്ഷിക്കുന്ന 600 കോടിയും ഉപയോഗിച്ചാവും കമ്മി കുറയ്ക്കുക.
കുമാരനാശാന്റെ വരികൾ ഉദ്ധരിച്ചുകൊണ്ട് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിയമസഭയിൽ ഇന്നലെ അവതരിപ്പിച്ച 2019-20 സാമ്പത്തികവർഷത്തേക്കുള്ള പിണറായി വിജയൻ സർക്കാരിന്റെ നാലാമത്തെ ബഡ്ജറ്റിലെ മുഖ്യ സവിശേഷതകളാണിവ.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ജനക്ഷേമ, വികസന പദ്ധതികൾ ആവോളം ഉൾക്കൊള്ളിച്ചു. 42 ലക്ഷം കുടുംബങ്ങൾക്ക് സമഗ്ര ആരോഗ്യ ഇൻഷ്വറൻസിന് പുറമേ 600 കോടിയുടെ ആരോഗ്യ സുരക്ഷാപദ്ധതിയുമുണ്ട്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ തൃപ്തിപ്പെടുത്തുന്നവയാണ് പദ്ധതിനിർദ്ദേശങ്ങൾ. പ്രളയാനന്തര കേരളത്തിൽ ചെലവ് കൂട്ടിക്കൊണ്ട് വരുമാനം കൂട്ടുകയെന്ന തന്ത്രമാണ് ഐസക് പരീക്ഷിക്കുന്നത്. ചെലവ് കൂട്ടി വരുമാനം കൂട്ടുന്ന ഐസക്കിയൻ ജാലവിദ്യയാണ് കേരളത്തിന്റെ പുനർനിർമ്മാണത്തിന് ഊന്നൽ നൽകിയ ബഡ്ജറ്റിൽ ധനമന്ത്രി പ്രയോഗിച്ചിരിക്കുന്നത്. 2019-20ൽ തന്നെ പ്രളയത്തിൽ നഷ്ടപ്പെട്ട ജീവനോപാധികൾ തിരിച്ചുപിടിച്ചിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കേരളം അഭിമുഖീകരിച്ച മഹാപ്രളയത്തെയും ഓഖിയെയും അഭിസംബോധന ചെയ്ത ബഡ്ജറ്റ് പ്രസംഗത്തിൽ, ദുരന്തസമയത്തെ സഹായത്തിന് കേന്ദ്രസേനകൾക്ക് നന്ദി അറിയിക്കുമ്പോൾ തന്നെ പ്രളയാനന്തര സഹായനിഷേധത്തിന് കേന്ദ്രത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്യുന്നു.
മറ്റ് പ്രധാന നിർദ്ദേശങ്ങൾ
പ്രളയദുരിതം കടക്കാൻ 4700 കോടിയുടെ ജീവനോപാധി പാക്കേജ്
1000 കോടിയുടെ രണ്ടാം കുട്ടനാട് പാക്കേജ്
കെ.എസ്.ആർ.ടി.സി പുനരുദ്ധാരണത്തിന് 1000 കോടി
ഭൂമിയുടെ ന്യായവില കൂട്ടി
നിത്യോപയോഗ സാധനങ്ങൾക്ക് സെസ്സില്ല
പ്രവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും പ്രത്യേക പരിഗണന
തദ്ദേശ സ്ഥാപനങ്ങൾക്ക് സിനിമാടിക്കറ്റിന് 10 ശതമാനം വിനോദ നികുതി ചുമത്താം
തിരുവനന്തപുരം കാസർകോട് യാത്ര നാല് മണിക്കൂറിൽ സാദ്ധ്യമാകുന്ന എലിവേറ്റഡ് ഡബിൾലൈൻ റെയിൽപാതാ നിർമ്മാണം 2020 ൽ തുടങ്ങും
വരവും ചെലവും
മൊത്തം ചെലവ്: 1,24,125 കോടി
മൊത്തം വരവ്: 1,15,354.71 കോടി
റവന്യൂ കമ്മി: 8770.29 കോടി.
കമ്മി കുറയും
റവന്യൂ കമ്മി 1.68 ശതമാനത്തിൽ നിന്ന് ഒരു ശതമാനമായും
ധനകമ്മി മൂന്ന് ശതമാനമായും കുറയ്ക്കും.