തിരുവനന്തപുരം: സംസ്ഥാന ബഡ്ജറ്റ് ജനങ്ങളെ കബളിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പഴയ ബഡ്ജറ്റുകളുടെ കോപ്പി മാത്രമാണിത്. പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളെ മോഹിപ്പിക്കുക മാത്രം ലക്ഷ്യമിട്ടുള്ള യാഥാർഥ്യ ബോധമില്ലാത്ത ബജറ്റാണിത്. യു.ഡി.എഫ് സർക്കാരിന്റെ കാരുണ്യ ചികിത്സാ സഹായപദ്ധതിയെ കൊലപ്പെടുത്തി ഇൻഷുറൻസ് കമ്പനികളുടെ ദയാദാക്ഷിണ്യത്തിന് പാവപ്പെട്ട രോഗികൾ കാത്തിരക്കേണ്ട അവസ്ഥ തോമസ് ഐസക്കുണ്ടാക്കിയത്.
എല്ലാം കിഫ്ബി വഴി നടപ്പാക്കുമെന്നാണ് പറയുന്നത്. പക്ഷേ കിഫ്ബിക്ക് എവിടെ നിന്ന് ഫണ്ട് ലഭ്യമാകുമെന്ന് പറയുന്നില്ല. കോർപറേറ്റുകളെ എതിർത്തിരുന്ന സി.പി.എം കോർപറേറ്റ് നിക്ഷേപം വർധിപ്പിക്കുമെന്നാണ് ബഡ്ജറ്റിലൂടെ വ്യക്തമാക്കുന്നത്.
ഒാഖി ദുരന്തനിവാരപാക്കേജ് നടപ്പാക്കുമെന്ന് പറഞ്ഞ് മത്സ്യത്തൊഴിലാളികളെ പറ്റിച്ച ധനമന്ത്രി, ഇക്കുറി പ്രളയത്തിൽ ജീവൻ ത്യജിച്ചും സഹായഹസ്തവുമായി എത്തിയവരെ സഹായിക്കാൻ പദ്ധതി കൊണ്ടുവരാതെ അവർക്ക് ബിഗ് സല്യൂട്ട് മാത്രം നൽകാനാണ് ശ്രമിച്ചത്. തീരദേശവികസനപാക്കേജിൽ ആയിരം കോടി വകയിരുത്തിയത് ഭാവനാപൂർണമല്ല. കഴിഞ്ഞ ബഡ്ജറ്റിൽ 970 കോടിയുടെ അധികഭാരമാണ് കൊണ്ടുവന്നതെങ്കിൽ പ്രളയശേഷമുള്ള ബഡ്ജറ്റിൽ അത് ഇരട്ടിയാക്കിയെന്നും ചെന്നിത്തല പറഞ്ഞു.