thomas-isaac

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവനെയും മഹാകവി കുമാരനാശാനെയും പ്രകീർത്തിച്ചും ഉദ്ധരിച്ചുമായിരുന്നു ഡോ. തോമസ് ഐസക്കിന്റെ ബഡ്‌ജറ്റ് പ്രസംഗം.

നമുക്ക് ജാതിയില്ല വിളംബരത്തിന്റെ ശതാബ്ദി വർഷത്തിലെ (2018-19) ബഡ്ജറ്റ് പ്രസംഗത്തിലും ഐസക്ക് ഗുരുദേവനെ ഉദ്ധരിച്ചിരുന്നു.

മനുഷ്യന്റെ ജാതി ഒന്നാണ് എന്ന ഗുരുദർശനത്തിലേക്ക് വിരൽ ചൂണ്ടിയാണ് പ്രസംഗത്തിന്റെ രണ്ടാം ഖണ്ഡിക തുടങ്ങുന്നത്. ''മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നാണ് '' എന്ന ഗുരുദർശനം ഏറ്റവും പ്രസക്തമാണിന്ന്. ഗുരു വിഭാവനം ചെയ്ത 'മനുഷ്യജാതി' യിലുള്ളവരായി നവോത്ഥാനം മലയാളികളെ പുനഃസൃഷ്ടിച്ചു. മനുഷ്യനെ നവീകരിക്കുന്നതിനൊപ്പം നവോത്ഥാനം കേരളത്തെ ആധുനീകരിക്കുകയും ചെയ്‌തു. അതു കൊണ്ടാണ് മഹാകവിയായ കുമാരനാശാനെക്കൊണ്ട് ഗുരുദേവൻ ഓട്ടുകമ്പനി തുടങ്ങിച്ചതും മനുഷ്യർക്ക് വൃത്തിയും ആരോഗ്യവുമുണ്ടാവാൻ ശിഷ്യനായ സി.ആർ. കേശവൻ വൈദ്യരെ കൊണ്ട് സോപ്പു കമ്പനി തുടങ്ങിച്ചതും. അമ്പലങ്ങളല്ല, ഇനി പള്ളിക്കൂടങ്ങളും വ്യവസായങ്ങളുമാണ് വേണ്ടതെന്ന്‌ ഗുരു പറഞ്ഞു. അയ്യങ്കാളിയും ചാവറയനും മന്നത്തു പദ്മനാഭനും മക്തി തങ്ങളും വിദ്യാലയ നിർമ്മിതിക്കായി പുറപ്പെട്ടതും ഈ സാഹചര്യത്തിലാണ്.

ഇതിന്റെ അടുത്ത ഘട്ടമാണ് നവകേരള സൃഷ്‌ടിക്കായി നമ്മുടെ മനസിലുണ്ടാവേണ്ടത്. എന്നാൽ പ്രളയം അതിജീവിക്കാൻ രൂപപ്പെട്ട ജനകീയ ഐക്യം തകർക്കാനുള്ള ശ്രമമാണ് കണ്ടത്. ആരാധനയ്‌ക്കുള്ള സ്ത്രീകളുടെ തുല്യ അവകാശം ഉയർത്തിപ്പിടിച്ച് ശബരിമലയിൽ യുവതീ പ്രവേശനം സുപ്രീം കോടതി അനുവദിച്ചു. സുപ്രീം കോടതി വിധിയെ വർഗീയ ധ്രുവീകരണത്തിനുള്ള സുവർണാവസരമാക്കാൻ വർഗീയ വാദികൾ അരയും തലയും മുറുക്കി ഇറങ്ങി.

'നരനു നരനശുദ്ധവസ്തുപോലും

ധരയിൽ നടപ്പതു തീണ്ടലാണ് പോലും

നരകം ഇവിടമാണ് ഹന്ത കഷ്ടം

ഹര ഹര ഇങ്ങനെ വല്ല നാടു വേറെയുണ്ടോ...'

സിംഹനാദം എന്ന കവിതയിലെ ഈ വരികൾ ഉദ്ധരിച്ചാണ് ഗുരുദേവനിൽ നിന്ന് ഐസക്ക് കുമാരനാശാനിലേക്ക് എത്തുന്നത്. നവോത്ഥാനത്തിന്റെ മഹാകവിയായ കുമാരനാശാൻ പഴയ കേരളത്തെ നോക്കി നടത്തിയ ഈ വിലാപം നാം മറന്നിട്ടില്ല. ആശാന്റെ എക്കാലത്തെയും മഹത്തായ കൃതിയായ 'ചിന്താവിഷ്ടയായ സീത' പ്രസിദ്ധീകരിച്ചതിന്റെ നൂറാം വർഷമാണിത്. ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ മലയാള സാഹിത്യകാരന്, എസ്.എൻ.ഡി.പി യോഗത്തിന്റെ സ്ഥാപക സെക്രട്ടറിക്ക്, മിടുക്കനായ വ്യവസായിക്ക്, ഉന്നത ശീർഷനായ പത്രാധിപർക്ക് ചിന്താവിഷ്ടയായ സീതയുടെ നൂറാം വാർഷികത്തിൽ അഭിവാദ്യമർപ്പിക്കുന്നു - ഐസക് പറഞ്ഞു

'ശരി! പാവയോ ഇവൾ!'' എന്ന് ആശാന്റെ സീത രാമനോട് ചോദിച്ചതിന്റെ നൂറാം വർഷത്തിലാണ്, തങ്ങൾ അശുദ്ധകളല്ല എന്ന് പ്രഖ്യാപിക്കാൻ കേരളത്തിലെ ലക്ഷോപലക്ഷം സ്ത്രീകൾ തെരുവിലിറങ്ങിയത്. അവർ തീർത്ത വന്മതിൽ

തങ്ങൾ പാവകളല്ല എന്ന ധീരമായ പ്രഖ്യാപനമായിരുന്നു. സീത പറയുന്നതു പോലെ ''എൻ മനവും ചേതനയും വഴങ്ങിടാ'' എന്ന പ്രഖ്യാപനവുമായിരുന്നു വനിതാ മതിൽ.

അയ്യങ്കാളിയും പഞ്ചമിയും

താഴ്ന്ന ജാതിക്കാർക്ക് വിദ്യാലയ പ്രവേശനത്തിനായി മഹാത്മാ അയ്യങ്കാളി നടത്തിയ പോരാട്ടത്തിന്റെ ആവിഷ്‌കാരമാണ് ബഡ്‌ജറ്റ് പുസ്തകത്തിന്റെ കവർ. ഊരൂട്ടമ്പലം സ്കൂളിൽ പഞ്ചമി എന്ന പെൺകുട്ടിക്ക് സവർണർ പ്രവേശനം നിഷേധിച്ചതും കുട്ടിയെ അയ്യങ്കാളി സ്കൂളിൽ കൊണ്ടിരുത്തിയതും ചരിത്രം. ജാതിവെറിപൂണ്ടവർ അന്ന് കത്തിച്ച ബെഞ്ചിന്റെ ശേഷിപ്പ് ഇപ്പോഴുമുണ്ട്, ചരിത്രത്തിലെ കറപോലെ. അയ്യൻകാളിയുടെയും പഞ്ചമിയുടെയും ചിത്രമാണ് കവർ.

ബഡ്ജറ്റ് പ്രസംഗം തോമസ് ഐസക് അവസാനിപ്പിച്ചതും ആശാന്റെ 'ദുരവസ്ഥ' എന്ന കാവ്യത്തിലെ വിപ്ളവവീര്യം തുളുമ്പുന്ന വരികൾ ഉദ്ധരിച്ചാണ്.

'കാലം മാറിപ്പോയി, കേവലമാചാര

നൂലുകളെല്ലാം പഴകിപ്പോയി

കെട്ടി നിർത്താൻ കഴിയാതെ ദുർബല-

പ്പെട്ട ചരടിൽ ജനത നിൽക്കാ

മാറ്രുവിൻ ചട്ടങ്ങളെ സ്വയ,മല്ലെങ്കിൽ

മാറ്റുമതുകളീ നിങ്ങളെത്താൻ..