01

പോത്തൻകോട്: കേശവദാസപുരം ജംഗ്‌ഷനിൽ റോഡിന് മധ്യേ അലക്ഷ്യമായി തള്ളിയ കോഴിവേസ്റ്റിൽ തെന്നിവീണ് ബൈക്ക് യാത്രികാരായ അച്ഛനും മകൾക്കും പരിക്കേറ്റു. തിരുവനന്തപുരത്തെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ശ്രീകാര്യം വെഞ്ചാവോട് സി.വി.ആർ.എ - 110, ശരണ്യാഭവനിൽ ആർ. പ്രമോദിനും (51) മകൾ ഗൗരികൃഷ്ണയ്ക്കുമാണ് (11) പരിക്കേറ്റത്. ഇന്നലെ രാവിലെ 6.50ന് കേശവദാസപുരം ജംഗ്ഷനിലെ റൗണ്ട് അബൗട്ടിന് മുന്നിലായിരുന്നു സംഭവം. പട്ടം കേന്ദ്രീയവിദ്യാലയത്തിലെ ആറാം ക്ളാസ് വിദ്യാർത്ഥിയായ മകൾ ഗൗരിയെ സ്കൂളിൽ കൊണ്ടുവിടാൻ വരുമ്പോഴായിരുന്നു അപകടം. അതിരാവിലെയായതിനാൽ റോഡിലെ മാലിന്യം കണ്ണിൽപ്പെട്ടില്ല. കാലിനും മുഖത്തും കൈകൾക്കും പരിക്കേറ്റ ഇരുവരെയും നടക്കാനിറങ്ങിയവരും വ്യാപാരികളും ചേർന്നാണ് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവമറിഞ്ഞെത്തിയ ചാക്ക ഫയർഫോഴ്സും നഗരസഭയിലെ എട്ടോളം ജീവനക്കാരും മെഡിക്കൽ കോളേജ് പൊലീസും എത്തി സ്ഥലം കഴുകി വൃത്തിയാക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തെ തുടർന്ന് സ്ഥലത്തെ വ്യാപാരികൾ പ്രതിഷേധിച്ചു. രാത്രികാലങ്ങളിലും പുലർച്ചെ രണ്ട് മണിക്ക് ശേഷവും വാഹനങ്ങളിൽ എത്തി ഇവിടെത്തെ റോഡുവക്കുകളിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലും മാലിന്യം തള്ളുന്നത് പതിവാണെന്നും ബന്ധപ്പെട്ടവർക്ക് ഇതുസംബന്ധിച്ച് പരാതികൾ നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും നാട്ടുകാർ ആരോപിച്ചു. ജംഗ്‌ഷനിൽ സ്ഥാപിച്ചിട്ടുള്ള കാമറകൾ പരിശോധിച്ച് പ്രതികളെ ഉടൻ കണ്ടെത്തണമെന്ന് സ്ഥലത്തെ വ്യാപാരികൾ ആവശ്യപ്പെട്ടു.