1

വിഴിഞ്ഞം: സഹോദരങ്ങൾ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെണ്ണിയൂർ പുല്ലാന്നിമുക്ക് പ്ലാവിള വീട്ടിൽ പരേതനായ ഭാസ്കരൻ നാടാരുടെയും ജോയിസിന്റെയും മക്കളായ അജിത് കുമാർ ( ഭാസി- 46), അജുകുമാർ (പാപ്പച്ചൻ-44) എന്നിവരെയാണ് ഒരേ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്.മൃതദേഹങ്ങൾ മുഖാമുഖം നിൽക്കുന്ന നിലയിലായിരുന്നു. സമീപം മൂന്നാമതൊരു കയർ കുരുക്കിട്ട നിലയിൽ ഉണ്ടായിരുന്നു.97 വയസുള്ള മാതാവ് ജോയ്സ് തൊട്ടടുത്ത മുറിയിൽ ഉണ്ടായിരുന്നുവെങ്കിലും സംഭവം അറിഞ്ഞിരുന്നില്ല. അജു കുമാർ ട്രാഫിക് വാർഡനായിരുന്നു.അജിത് കുമാറിന് ജോലി ഉണ്ടായിരുന്നില്ല.

ഇവരുടെ വീടിനോട് ചേർന്നുള്ള മുറിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന സ്ത്രീയാണ് സഹോദരങ്ങൾ തൂങ്ങി നിൽക്കുന്നത് കണ്ടത് .അജിത്കുമാർ മാനസിക രോഗ ചികിത്സയിലായിരുന്നു. വാടകയ്ക്ക് താമസിക്കുന്ന സ്ത്രീയാണ് ഇവർക്കും മാതാവിനും ഭക്ഷണവും മരുന്നും നൽകിയിരുന്നത്. അജിത് കുമാറിന് രാവിലെ മരുന്ന് നൽകുന്നതിന് വിളിച്ചപ്പോൾ കാണാത്തതിനാൽ അന്വേഷിച്ചപ്പോഴാണ് കോണിപ്പടിയുള്ള ഇടുങ്ങിയ മുറിയിൽ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടത്.ഉടൻ തന്നെ പരിസരവാസികളെ വിവരമറിയിച്ചു.മനോരോഗവും കുടുംബ പ്രശ്നങ്ങളുമാകാം ആത്മഹത്യയ്ക്ക് കാരണമെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.സഹോദരങ്ങൾ: വനജ, ഉഷ, ജയ, കല, സുജാത.