തിരുവനന്തപുരം: പ്രളയം തകർത്ത കേരളത്തിന്റെ പുനർനിർമ്മാണത്തിന് സെസ് ഏർപ്പെടുത്തിയതിലൂടെ സ്വർണം, വെള്ളി, ഇലക്ട്രോണിക് ഉപകരണങ്ങൾ, സിമന്റ്, ഗ്രാനൈറ്റ്, പെയിന്റ്, സെറാമിക് ടൈൽസ് തുടങ്ങിയ നിർമ്മാണസാമഗ്രികൾ മുതലായവയ്ക്ക് വില കൂടും.
സ്വർണം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങളുൾപ്പെടെയുള്ള ചരക്കുകൾക്ക് 0.25 ശതമാനവും ജി.എസ്.ടി നികുതിനിരക്ക് 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നീ പട്ടികയിൽ വരുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണത്തിന് വിതരണവിലയിന്മേൽ ഒരു ശതമാനവും ആണ് രണ്ട് വർഷത്തേക്ക് സെസ് പിരിക്കുക. ഒരു വർഷം 600 കോടി ഇതിലൂടെ സമാഹരിക്കാൻ ഉദ്ദേശിക്കുന്നു. സ്വർണം ഒഴിച്ച്, അഞ്ച് ശതമാനത്തിന് താഴെയുള്ളവയ്ക്ക് പ്രളയ സെസ് ബാധകമാകില്ല. നിത്യോപയോഗസാധനങ്ങളാവും ഇതിൽ ഭൂരിഭാഗം. കോംപോസിഷൻ നികുതിസമ്പ്രദായം സ്വീകരിച്ചിട്ടുള്ള ചെറുകിട വ്യാപാരികളെയും സെസിൽ നിന്നൊഴിവാക്കി.
ആഡംബരവസ്തുക്കൾക്കെല്ലാം വില ഉയരും. ജി.എസ്.ടിക്ക് പുറമേ തദ്ദേശഭരണസ്ഥാപനങ്ങൾക്ക് പത്ത് ശതമാനം വിനോദനികുതി കൂടി ചുമത്താൻ അനുമതി നൽകിയതിലൂടെ സിനിമാടിക്കറ്റ് ഉൾപ്പെടെയുള്ളവയ്ക്കും വില വർദ്ധിക്കും. വീടുകൾക്കും ആഡംബരനികുതി ഏർപ്പെടുത്തി. ബിയറും വൈനുമുൾപ്പെടെ എല്ലാ തരം മദ്യത്തിനും രണ്ട് ശതമാനം നികുതി കൂട്ടി. 180 കോടിയുടെ അധികവരുമാനമാണ് പ്രതീക്ഷ.
- വില കൂടുന്നവ:
സോപ്പ്, സൗന്ദര്യവർദ്ധക വസ്തുക്കൾ, ടൂത്ത് പേസ്റ്റ്, ഹെയർ ഓയിൽ, ശീതളപാനീയങ്ങൾ, ചോക്‌ലേറ്റ്, സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ, പഞ്ചസാര, സ്വർണം, വെള്ളി ആഭരണങ്ങൾ, സിനിമാടിക്കറ്റ് ഉൾപ്പെടെയുള്ള മറ്റ് വിനോദങ്ങൾക്കുള്ള ടിക്കറ്റുകൾ, സിഗരറ്റ്, ബിയർ, വൈൻ ഉൾപ്പെടെയുള്ള മദ്യങ്ങൾ, എ.സി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ശീതളപാനീയങ്ങൾ, മിനറൽവാട്ടർ, നോട്ടുപുസ്തകം, സ്കൂൾബാഗ്, കാറുകൾ, ഇരുചക്രവാഹനങ്ങൾ, മൊബൈൽഫോൺ, ആയുർവേദമരുന്നുകൾ, സിമന്റ്, ഗ്രാനൈറ്റ്, സെറാമിക് ടൈൽസ്, പെയിന്റ്, കമ്പ്യൂട്ടർ, കണ്ണട, ചെരുപ്പുകൾ, റെയിൻകോട്ട്, മുള ഉരുപ്പടികൾ, ഫർണിച്ചർ, ഹോട്ടൽമുറികൾ, 3000 ചതുരശ്ര അടിക്ക് മുകളിൽ വിസ്തീർണമുള്ള വീടുകൾക്ക് അധികനികുതി.
- ഭൂമി ന്യായവില കൂട്ടി
കേരളത്തിലെ ഭൂമിവിലയും സർക്കാർ നിശ്ചയിച്ച ന്യായവിലയും തമ്മിലെ അന്തരം കുറയ്ക്കാൻ ന്യായവിലയുടെ പത്ത് ശതമാനം വർദ്ധിപ്പിക്കും. ഇതിലൂടെ 400 കോടി അധികവരുമാനം പ്രതീക്ഷിക്കുന്നു.