kudumbashree

സ്ത്രീശക്തിയെക്കുറിച്ചുള്ള പരാമർശത്തോടെ തോമസ് ഐസക് ആരംഭിച്ച ബഡ്‌ജറ്റിൽ സ്ത്രീ ശാക്തീകരണ പദ്ധതികൾക്ക് 1420 കോടിയുടെ വിഹിതം നീക്കിവച്ചിട്ടുണ്ട്. ആചാര സംരക്ഷണത്തിനായുള്ള സമരങ്ങൾ കേരളത്തെ പിന്നോട്ടടിക്കുമെന്ന് ഓർമിപ്പിച്ച ധനമന്ത്രി എടുത്തുപറഞ്ഞത് വനിതാ മതിലിന്റെ വൻവിജയം. വനിതാ മതിലിലെ വൻ പങ്കാളിത്തത്തോടെ 'വെറും പാവകളല്ല...' എന്നു പ്രഖ്യാപിച്ച സ്ത്രീകൾക്കും പൊതു സമൂഹത്തിനും വേണ്ടി ലളിതകലാ അക്കാദമിയുടെ സഹായത്തോടെ വനിതാ മതിൽ സ്മാരക പദ്ധതികളും പ്രഖ്യാപിച്ചു.

പിന്നാക്ക സമൂദായത്തിൽനിന്ന് രാജ്യത്തിന്റെ കോൺസ്റ്റിറ്റുവന്റ് അസംബ്ലി വരെയെത്തിയ ദാക്ഷായണി വേലായുധന്റെ സംഭവാനകളെ പ്രകീർത്തിക്കുന്നതിനൊപ്പം, സ്ത്രീ ശാക്തീകണത്തിനായുള്ള സംഭാവനകൾക്കായി അവരുടെ പേരിൽ വാർഷിക പുരസ്‌കാരവും പ്രഖ്യാപിച്ചു.

പ്രളയാനന്തര ജീവനോപാധി വികസനത്തിന്റെ ഭാഗമായി കുടുംബശ്രീ ഉത്പന്നങ്ങൾ ബ്രാൻ‌ഡ് ചെയ്യും. ന്യൂട്രിമിക്സ് പോഷക ഭക്ഷണം,​ മാരി കുട,​ സുഭിക്ഷ നാളികേര ഉത്പന്നങ്ങൾ,​ ശ്രീ ഗാർമെന്റ്സ്,​ കേരള ചിക്കൻ,​ കയർ കേരള,​ കരകൗശല ഉത്പന്നങ്ങൾ,​ തേൻ ബ്രാന്റുകൾ,​ഹെർബൽ സോപ്പുകൾ,​ കറിപ്പൊടികൾ,​ ഉണക്കമീൻ,​ ആദിവാസി ഉത്പന്നങ്ങൾ എന്നിങ്ങനെ 12 ഉത്പന്നങ്ങാണ് ബ്രാൻഡ് ചെയ്യുക. ഇതിനായി സീനിയർ മാർക്കറ്റിംഗ് എക്സിക്യൂട്ടീവിന്റെ നേതൃത്വത്തിൽ മാർക്കറ്റിംഗ് വിഭാഗം രൂപീകരിക്കും.കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണനത്തിന് 200 ചെറുവിപണന കേന്ദ്രങ്ങൾ സജ്ജമാക്കും.