ksrtc-former-md
തിരുവനന്തപുരം കെ.എസ്.ആർ.ടി.സി ചീഫ് ഓഫീസിൽ ജീവനക്കാർ നൽകിയ യാത്ര അയപ്പിൽ നന്ദി പറഞ്ഞ് മടങ്ങുന്ന മുൻ എം.ഡി ടോമിൻ ജെ തച്ചങ്കരി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയെ കാമിനിയെപ്പോലെ സ്നേഹിച്ചു തുടങ്ങിയെന്ന് മനസിലായപ്പോഴാണ് എം.ഡി സ്ഥാനത്തുനിന്ന് സർക്കാർ തന്നെ മാറ്റിയതെന്ന് ടോമിൻ തച്ചങ്കരി. കോർപറേഷൻ ചീഫ് ഓഫീസ് ജീവനക്കാർ നൽകിയ യാത്രയപ്പു ചടങ്ങിലായിരുന്നു സി.എം.ഡി സ്ഥാനത്തു നിന്ന് നീക്കം ചെയ്യപ്പെട്ട ടോമിൻ തച്ചങ്കരിയുടെ ഖേദവും വിമർശനവും.

ഒരു ഉദ്യോഗസ്ഥനും ജോലിചെയ്യുന്ന സ്ഥാപനത്തെ സ്നേഹിക്കരുതെന്ന പാഠമാണ് ഇതിലൂടെ സർക്കാർ നൽകുന്നത്. ജോലിനോക്കുന്ന സ്ഥാപനത്തെ സ്വന്തമായി കാണുമ്പോഴാണ് ആശകളും നിരാശകളും സ്വപ്നങ്ങളും മോഹഭംഗങ്ങളും ഉണ്ടാകുന്നത്. ഭിക്ഷക്കാരനെപ്പോലെ കെ.എസ്.ആർ.ടി.സിയുടെ പടിവാതിക്കൽ എത്തുകയോ എം.ഡി സ്ഥാനത്തിനായി മത്സരിക്കുകയോ ചെയ്തയാളല്ല ഞാൻ- തച്ചങ്കരി പറഞ്ഞു.

കാൽ നൂറ്റാണ്ടിനിടെ സ്വന്തം വിയർപ്പിൽ നിന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യവും രണ്ടു മാസത്തെ കുടിശികയും നൽകാൻ കഴിഞ്ഞത് ചരിത്രമാണ്. സർക്കാർ ഏൽപ്പിച്ച ദൗത്യം പൂർത്തിയാക്കിയ ചാരിതാർത്ഥ്യത്തോടെയാണ് പടിയിറങ്ങുന്നത്. ഐ.പി.എസ് , ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് എം.ഡി സ്ഥാനം വലിയ പദവിയല്ല. ജനങ്ങൾക്കും സർക്കാരിനും ഈ സ്ഥാപനത്തോടുള്ള പ്രത്യേക താത്പര്യം കാരണമാണ് ഉദ്യോഗസ്ഥർ അതിനു നിർബന്ധിതരാകുന്നത്.

ഒമ്പതര മാസത്തെ സേവനം പെട്ടെന്നു കടന്നുപോയി. പലരേയും വേദനിപ്പിച്ചിട്ടുണ്ട്. അതെല്ലാം സ്ഥാപനത്തിനു വേണ്ടിയായിരുന്നു. അവർക്കൊന്നും തന്നോട് ഇപ്പോൾ പരിഭവം കാണില്ലെന്നും അദ്ദേഹം തുടർന്നു.

'വസന്തത്തിന്റെ ഹൃദയത്തിൽ മൃത്യുവിന്റെ ഗന്ധമെന്ന' ആമുഖത്തോടെയായിരുന്നു പതിനഞ്ച് മിനിട്ടത്തെ വിടവാങ്ങൽ പ്രസംഗത്തിന്റെ തുടക്കം. സംഘടനകളോടും നേതാക്കളോടും എതിർപ്പോ വിരോധമോ ഇല്ല. ആരും തെറ്റുകാരല്ല. വർഷങ്ങളായി ശീലിച്ച കാര്യങ്ങൾക്കു മാറ്റമുണ്ടായപ്പോൾ എതിർപ്പുകളുണ്ടായി. കാലാനുസൃതമായ മാറ്റങ്ങൾ കെ.എസ്.ആർ.ടി.സിയിൽ ഇനിയും ഉണ്ടാകും. തിരുവനന്തപുരത്തെ അഞ്ചു ഡിപ്പോകളിലെ എല്ലാ ബസുകളും ഇലക്ട്രിക് ആക്കാനുള്ള നിർദേശം സർക്കാർ പൂർണമായി അംഗീകരിച്ചത് മാറ്റത്തിന്റെ സൂചനയാണ്. എത്ര പ്രക്ഷോഭങ്ങളും സമരങ്ങളും നടത്തിയാലും മാറ്റങ്ങളെ തടുക്കാൻ കഴിയില്ലെന്നും തച്ചങ്കരി തൊഴിലാളികളെ ഓർമ്മിപ്പിച്ചു. ചീഫ് ഓഫീസ് ജീവനക്കാർ തച്ചങ്കരിക്ക് ഉപഹാരവും നൽകി.