തിരുവനന്തപുരം:ഐ.ടി പാർക്കുകളിൽ ജോലി ചെയ്യുന്നവരുടെ എണ്ണം ഇപ്പോഴത്തെ ഒരു ലക്ഷത്തിൽ നിന്ന് ഈ സർക്കാരിന്റെ കാലത്ത് രണ്ട് ലക്ഷമാക്കുമെന്ന് ബഡ്‌ജറ്റിൽ ധനമന്ത്രി ഡോ.തോമസ് ഐസക്ക് പ്രഖ്യാപിച്ചു.
വ്യവസായ പാർക്കുകളും കോർപ്പറേറ്റ് നിക്ഷേപങ്ങളും ആകർഷിക്കുകയാണ് ബഡ്ജറ്റിലെ 25 നവകേരള പദ്ധതിയിൽ ഒന്നാമത്തേത്. വയനാട്ടിലെ കാപ്പിപ്പൊടി മലബാർ എന്ന പേരിൽ ബ്രാൻഡ് ചെയ്ത് വിൽക്കുന്നതും നവകേരള പദ്ധതികളിലുൾപ്പെടും. കാർഷിക പ്രതിസന്ധിയിൽ വലയുന്ന വയനാട്ടിലെ ജനങ്ങളുടെ വരുമാനം ഇരട്ടിയാക്കുന്നതിനാണ് ഈ പദ്ധതി.
നവകേരള പദ്ധതികൾ
വ്യവസായ പാർക്കുകളും കോർപ്പറേറ്റ് നിക്ഷേപങ്ങളും
സ്റ്റാർട്ട് അപ്പുകൾ: ലോകമെമ്പാടുമുള്ള സംരംഭകരെ സ്റ്റാർട്ടപ്പിലേക്ക് ആകർഷിക്കുന്നതിൽ ചിലി വിജയിച്ചത് പോലെ ഇന്നവേഷൻ സോണിന്റെ നേതൃത്വത്തിൽ രൂപം നൽകാൻ 10കോടി അധികം വകയിരുത്തും.യുവ സംരംഭക ഉച്ചകോടിയിൽ തിരഞ്ഞെടുക്കുന്ന യുവസംരംഭകർക്ക് സീഡ് ഫണ്ടിംഗ്. ടെക്നോസിറ്റിയിലെ നോളഡ്ജ് സിറ്റി എക്കോ സിസ്റ്റത്തിനും പള്ളിപ്പുറത്തെ നാനോ സ്പെയ്സ് പാർക്കിനും ഒരു കോടി വീതം.
മലബാർ കാപ്പിയും കാർബൺ ന്യൂട്രൽ വയനാടും
കാർബൺ ന്യൂട്രൽ വയനാട് കുന്നുകളിൽ വിളയുന്ന കാപ്പിപ്പൊടി എന്നതാകും മലബാർ കാപ്പിപ്പൊടിയുടെ ആഗോള ബ്രാൻഡിംഗിന്റെ സവിശേഷത. ജില്ലയിലെ കാർബൺ ബഹിർഗമനം പരമാവധി കുറയ്ക്കാനും അവശേഷിക്കുന്ന കാർബൺ വാതകങ്ങൾ വലിച്ചെടുക്കാനും ആവശ്യമായത്ര മരങ്ങൾ നടുന്നതിനും പദ്ധതി.
കേരം തിങ്ങും കേരളനാട്
നാളികേരത്തിന്റെ ഉല്പാദനം കൂട്ടുന്നതിനും മൂല്യവർദ്ധിത ഉല്പന്നങ്ങളിലൂടെ തേങ്ങയ്ക്ക് 20 ശതമാനമെങ്കിലും ഉയർന്ന വില ലഭ്യമാക്കാനുമുള്ള പദ്ധതിക്ക് 70കോടി. കേരള നാളികേര കൗൺസിൽ വർഷം 10ലക്ഷം തെങ്ങിൻ തൈകൾ നട്ടുപിടിപ്പിക്കും. കേരഗ്രാമങ്ങളെ സഹകരണബാങ്കുകളുമായി ബന്ധിപ്പിക്കും.തെങ്ങുകയറ്റവും പരിചരണവും ബാങ്കുകളുടെ ആഭിമുഖ്യത്തിൽ കേരസർവ്വീസ് സംഘങ്ങൾ നടത്തും.
സംയോജിത റൈസ് പാർക്കും റബ്ബർ പാർക്കും
പാലക്കാട്, തൃശൂർ, ആലപ്പുഴ കേന്ദ്രങ്ങളിൽ അന്തർദ്ദേശീയ നിലവാരത്തിലുള്ള റൈസ് പാർക്കുകൾ നിർമ്മിക്കാൻ 20കോടി. സർക്കാർ സംഭരിക്കുന്ന നെല്ലിൽ നല്ലൊരു പങ്ക് സംസ്കരിക്കുന്നത് ഇവിടെ. അരിയിൽ നിന്ന് അരിപ്പൊടിയും അതിൽ നിന്ന് റെഡി ടു ഈറ്റ് ഉല്പന്നങ്ങളും തവിടെണ്ണയും ഇവിടെ ഉല്പാദിപ്പിക്കും.