ബഡ്‌ജറ്റുമായി എത്തുന്ന ഏതൊരു ധനമന്ത്രിക്കും കല്ലേറും പൂച്ചെണ്ടും സമാസമമാണ് ലഭിക്കാറുള്ളത്. എത്ര നല്ല നിർദ്ദേശങ്ങളുണ്ടെങ്കിലും പ്രതിപക്ഷക്കാർ നഖശിഖാന്തം ധനമന്ത്രിയുടെ നേരെ വാളോങ്ങും. സർക്കാരിനോട് ആഭിമുഖ്യമുള്ളവർ പ്രശംസകൾ കൊണ്ടുമൂടും. ഏതായാലും ധനമന്ത്രി ഡോ. തോമസ് ഐസക്ക് നിയമസഭയിൽ അവതരിപ്പിച്ച 2019-20 വർഷത്തെ ബഡ്‌ജറ്റ് സംസ്ഥാനം ഇന്ന് നേരിടുന്ന പ്രത്യേക സാമ്പത്തിക സാഹചര്യങ്ങൾ വച്ചുനോക്കുമ്പോൾ ഏറെ അനുയോജ്യമെന്നുതന്നെ പറയാവുന്നതാണ്.
നവകേരള സൃഷ്ടിക്കായുള്ള ബഡ്‌ജറ്റ് എന്ന് അവകാശപ്പെട്ടുകൊണ്ടാണ് ഡോ. ഐസക് എത്തുന്നത്. പ്രളയാനന്തര കേരളത്തെ തകർച്ചയിൽ നിന്നുകരകയറ്റാനുള്ള ശ്രമം അതിലുണ്ട്. ഏതാണ്ട് എല്ലാമേഖലകളെയും തഴുകിക്കൊണ്ടുതന്നെയാണ് ബഡ്‌ജറ്റിന്റെ രൂപഘടന. പ്രത്യേക നോട്ടവും കരുതലും പതിയേണ്ട മേഖലകൾക്ക് കൂടുതൽ ശ്രദ്ധ നൽകിയപ്പോൾ പരമ്പരാഗത മേഖലകൾ പലതും പിന്നിൽത്തന്നെയായി.
പുതിയ നികുതി നിർദ്ദേശങ്ങൾ വഴിയാണ് സാധാരണ അധിക വിഭവ സമാഹരണം ഉറപ്പാക്കുന്നത്. എന്നാൽ ജി.എസ്.ടിക്ക് പുറത്ത് ഒരു ശതമാനം പ്രളയ സെസ് ചുമത്തിയാണ് ധനമന്ത്രി കൂടുതൽ വരുമാനം നേടാൻ ഒരുങ്ങുന്നത്. 1600 കോടി രൂപയാണ് ഒരുവർഷം ഇതുവഴി നേടുന്നത്. രണ്ടുവർഷം സെസ് പിരിവുണ്ടാകും. സെസ് വഴി ഒട്ടെല്ലാ ഉത്പന്നങ്ങളുടെയും വില വർദ്ധിക്കാൻ പോവുകയാണ്. 1600 കോടിയുടെ അധിക വരുമാനം നേടാൻ സാർവ്വത്രികമായ വില വർദ്ധനയ്ക്കാണ് സർക്കാർ ഒരുങ്ങിയതെന്ന വിമർശനം ഉയരും. 1,15,354 കോടിരൂപയുടെ റവന്യൂവരവ് പ്രതീക്ഷിക്കുന്ന സംസ്ഥാന ബഡ്‌ജറ്റിൽ പ്രളയ സെസ് വഴി നേടുന്ന 1600 കോടിരൂപ തുച്ഛമെന്നുതന്നെ പറയാം. 12,18,28 നികുതി സ്ളാബുകളിൽപ്പെടുന്ന സോപ്പു ചീപ്പു മുതൽ ആഡംബര വാഹനങ്ങൾക്ക് വരെ വില ഏറിയും കുറഞ്ഞും ഉയരുമെന്നതിനാൽ വിലക്കയറ്റം സൃഷ്ടിക്കുന്ന ബഡ്‌ജറ്റാണിത് എന്ന ആക്ഷേപവും ഉയർന്നേക്കാം. ജി.എസ്.ടി നികുതി പിരിവിൽ നാലായിരം കോടിരൂപയുടെ കുടിശികയുണ്ടെന്നാണ് കണക്ക്. ഇതിന്റെ പകുതിയെങ്കിലും ഉൗർജ്ജിതമായി പിരിച്ചെടുത്താൽ സെസ് ചുമത്തൽ ഒഴിവാക്കാമായിരുന്നു. സർക്കാരിന്റെ നികുതി പിരിവിലെ ഉദാസീനതയ്ക്ക് എപ്പോഴും പിഴ നൽകേണ്ടിവരുന്നത് ജനങ്ങളാണ്.
നവകേരള നിർമ്മിതിക്കായി ബഡ്‌ജറ്റിൽ ഇരുപത്തഞ്ച് പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മൊത്തം പദ്ധതി അടങ്കൽ 39807 കോടി രൂപയാണ്. നടപ്പുവർഷത്തെക്കാൾ 7243 കോടി രൂപ അധികം. വിഹിതം കൂട്ടുന്നുണ്ടെങ്കിലും വിനിയോഗം നടക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്നം. നടപ്പുവർഷം വിവിധ പദ്ധതികൾക്കായി നീക്കിവച്ച പണത്തിന്റെ പകുതിപോലും ഇതുവരെ ചെലവഴിച്ചിട്ടില്ലെന്ന കണക്ക് പുറത്തുവന്നത് ഇൗ അടുത്ത ദിവസമാണ്. ശേഷിക്കുന്നത് രണ്ടുമാസമാണ്. പദ്ധതി അടങ്കൽ വിനിയോഗിക്കുന്നതിലുണ്ടാകുന്ന ഉദാസീനത ഫലത്തിൽ അതിന്റെ ഗുണം അനുഭവിക്കേണ്ടവരെയാണ് ബാധിക്കുന്നത്.
അടിസ്ഥാന സൗകര്യ വികസനം, കൃഷി, ആരോഗ്യം, തൊഴിൽ, വ്യവസായം, വിദ്യാഭ്യാസം തുടങ്ങി പ്രധാന മേഖലകളിൽ പുതിയ ഉണർവ് സൃഷ്ടിക്കാ നുതകുന്നതാണ് ഇവയുമായി ബന്ധപ്പെട്ട ബഡ്‌ജറ്റ് നിർദ്ദേശങ്ങൾ. വ്യവസായങ്ങൾക്കാവശ്യമായ ഭൂമി ഏറ്റെടുക്കൽ, പുതിയ ഐ.ടി പാർക്കുകൾ, നിലവിലുള്ളവയുടെ വികസനം, എന്നിവയ്ക്കൊക്കെ പ്രത്യേക പദ്ധതികളുണ്ട്. 15600 കോടി രൂപ ഇവയ്ക്കയി നീക്കിവച്ചിരിക്കുന്നു. ഐ.ടി പാർക്കുകളുടെ വികസനം തീരുമ്പോൾ ഒരുലക്ഷം പേർക്ക് പുതുതായി തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ.
പ്രളയം അമ്പേ തകർത്ത കുട്ടനാടിനുവേണ്ടിയുള്ള ആയിരംകോടി രൂപയുടെ പദ്ധതി ആകർഷകമാണ്. പ്രളയജലം ഒഴുകേണ്ട ചാനലുകൾ വീതികൂട്ടുകയും തോട്ടപ്പള്ളി സ്പിൽ വേ നവീകരിക്കുകയും ചെയ്യും. മാലിന്യവാഹിനികളായി മാറിയ കായലും തോടുകളും ശുദ്ധീകരിക്കും. വിസർജ്ജ്യസംസ്കരണത്തിന് ആധുനിക പ്ളാന്റുകൾ സ്ഥാപിക്കും. നെല്ലറകളിലൊന്നായ കുട്ടനാടിനെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാനുതകുന്നതാണ് ഇൗ പദ്ധതികൾ. സംസ്ഥാനത്ത് നെൽവയലുകളുടെ വിസ്തൃതി മൂന്നുലക്ഷം ഹെക്ടറായി ഉയർത്തുമെന്ന ബഡ്‌ജറ്റ് പ്രഖ്യാപനം സാധിതമാകണമെങ്കിൽ ഒരുപാട് വിയർപ്പ് ഒഴുക്കേണ്ടിവരും. രണ്ടുമൂന്ന് പതിറ്റാണ്ടുമുമ്പ് സംസ്ഥാനത്ത് ഒൻപതുലക്ഷം ഹെക്ടർ നെൽപ്പാടങ്ങളാണുണ്ടായിരുന്നത്.
തീരദേശ വികസനം, മത്സ്യത്തൊഴിലാളിക്ഷേമം, ആരോഗ്യമേഖല എന്നിവയ്ക്ക് കൂടുതൽ വിഹിതം ഉൾക്കൊള്ളിക്കുകവഴി വലിയൊരു ജനവിഭാഗത്തിന്റെ ആവശ്യങ്ങളാണ് നിറവേറ്റുക. തീരദേശത്തെ റോഡുകളുടെയും ആശുപത്രികളുടെയും വികസനം പദ്ധതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
സംസ്ഥാനം ഏറെ വൈകി എത്തിപ്പെട്ട പാരമ്പര്യേതര ഉൗർജ്ജവികസന മേഖലയ്ക്കും ബഡ്‌ജറ്റിൽ ഇക്കുറി പരിഗണന ലഭിച്ചു. ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമായി റോഡിലിറങ്ങാൻ പോവുകയാണ്. കെ.എസ്.ആർ.ടി.സിക്ക് നൽകുന്ന 1000 കോടിരൂപ വിഹിതം പ്രധാനമായും ഇലക്ട്രിക് ബസുകൾ വാങ്ങാൻ വേണ്ടിയാണ്. തലസ്ഥാന നഗരിയിൽ സിറ്റി യാത്രയ്ക്ക് പൂർണമായും ഇലക്ട്രിക് ബസുകളാകും ഉപയോഗപ്പെടുത്തുക.
പതിറ്റാണ്ടുകളായി പറഞ്ഞുകേൾക്കുന്ന കോവളം-ബേക്കൽ ജലപാത ഇൗവർഷം പൂർത്തിയാകുമെന്ന പ്രഖ്യാപനം ആഹ്ളാദകരമാണ്. അതുപോലെ തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്കുള്ള രണ്ടാം റെയിൽപാത യാഥാർത്ഥ്യമാകുമെന്ന അറിയിപ്പും കൈയടി നേടും. എന്നാൽ ഏറെ നാളായി പറഞ്ഞുകേൾക്കുന്ന തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും ലൈറ്റ് മെട്രോ പദ്ധതികൾ ഇപ്പോഴും ഇരുളിൽത്തന്നെയെന്നാണ് തോന്നുന്നത്. അതേപ്പറ്റി പരാമർശം പോലുമില്ല.
ചികിത്സാച്ചെലവ് അതീവ ദുർവഹമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ പുതിയ ഇൻഷ്വറൻസ് പദ്ധതിയെക്കുറിച്ചുള്ള പ്രഖ്യാപനം ഭൂരിപക്ഷം കുടുംബങ്ങൾക്കും ഏറെ ആശ്വാസകരമാണ്. 42 ലക്ഷം കുടുംബങ്ങൾക്കാണ് പദ്ധതി തുണയാകുന്നത്. സർക്കാർ ആശുപത്രികളുടെ സമഗ്ര നവീകരണത്തിനുള്ള നിരവധി പദ്ധതികളും ആരോഗ്യമേഖലയിൽ നടപ്പാക്കാൻ പോവുകയാണ്.
കാൽലക്ഷം വനിതകൾക്ക് സ്ഥായിയായ തൊഴിലവസരം, കുടുംബശ്രീക്കും അയൽക്കൂട്ടങ്ങൾക്കും പലിശ രഹിത വായ്പാസൗകര്യം എന്നിവയടക്കം സ്ത്രീ ശാക്തീകരണത്തിന് ആയിരംകോടി രൂപയാണ് മാറ്റിവയ്ക്കുന്നത്.
മുൻവർഷത്തെപ്പോലെ ഇക്കുറിയും കിഫ്ബിയെ ആശ്രയിച്ചാകും പല പദ്ധതികളുടെയും നടത്തിപ്പ്. മുപ്പതിനായിരം കോടിയുടെ പദ്ധതികൾ ഇൗവർഷം നടപ്പാക്കാൻ കഴിയുമെന്നാണ് ധനമന്ത്രിയുടെ പ്രതീക്ഷ.
രജിസ്ട്രേഷൻ വകുപ്പിൽനിന്ന് 400 കോടി രൂപയുടെ അധികവരുമാനം നേടാൻ ഭൂമിയുടെ ന്യായവില പത്തുശതമാനം ഉയർത്താൻ പോവുകയാണ്. ഇപ്പോൾത്തന്നെ രാജ്യത്ത് ഏറ്റവും ഉയർന്ന രജിസ്ട്രേഷൻ ചെലവ് കേരളത്തിലാണ്. ഭൂമിവില വാനോളം ഉയർന്നുകഴിഞ്ഞ ഇവിടെ ഒരു തുണ്ടുഭൂമി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരെ വലയ്ക്കുന്നതാണ് ഉയർന്നുയർന്നുപോകുന്ന പ്രമാണച്ചെലവ്.