1

വിഴിഞ്ഞം: നാട്ടുകാരെ ഞെട്ടിച്ച് വെണ്ണിയൂരിലെ സഹോദരങ്ങളുടെ ആത്മഹത്യ. വെണ്ണിയൂർ പുല്ലാന്നിമുക്ക് പ്ലാവിള വീട്ടിൽ ഭാസി എന്ന അജിത് കുമാറിന്റെയും പാപ്പച്ചൻ എന്ന അജുകുമാറിന്റെയും മരണം ആത്മഹത്യയെന്നു പൊലീസ് പറയുമ്പോഴും ദുരൂഹതയുണ്ടെന്ന് നാട്ടുകാർ.

സ്വന്തമായി വീടെന്ന സ്വപ്നം ബാക്കിയാക്കിയാണ് ഇരുവരും മരണവഴി തിരഞ്ഞെടുത്തത്. കുടുംബവീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. അവിവാഹിതരായ ഇവർക്ക് കുടുംബപരമായി കോടികളുടെ സ്വത്തുണ്ട്. സ്വത്ത് ഭാഗം വയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മരണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, ഇവർ ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇടുങ്ങിയ മുറിയിൽ മുഖാമുഖമാണ് മൃതദേഹങ്ങൾ കണ്ടത്, ഇരുവരും മരിച്ചതിനു സമീപം മൂന്നാമതൊരു കുരുക്കുകൂടി ഉണ്ടായിരുന്നു. ഇത് സംശയമുണ്ടാക്കുന്നു. ഇവരുടെ മാതാവ് 97 വയസുള്ള ജോയ്സി കിടപ്പിലാണ്. മൂന്നാമത്തെകുരുക്ക് ആർക്കു വേണ്ടിയെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നു. പുല്ലാന്നിമുക്കിനു സമീപമുള്ള വീട് വിറ്റ് ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് വീട് വയ്ക്കാൻ അജുകുമാർ തീരുമാനിച്ചിരുന്നു. എന്നാൽ മാതാവിന്റെ പേരിലുള്ള വസ്തു ഷെയർ ചെയ്യുന്നതിന് മറ്റ് കുടുംബാംഗങ്ങളുടെ താത്പര്യമില്ലായ്മയും സഹോദരൻ അജിത്കുമാറിന്റെയും അമ്മയുടെയും രോഗവും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്നാണ് പൊലീസിന്റെ നിഗമനം. മാനസിക പ്രശ്നങ്ങൾക്ക് അജിത് കുമാർ ചികിത്സയിലായിരുന്നു. പട്ടം ട്രാഫിക് സ്റ്റേഷനിലെ ട്രാഫിക് വാർഡനായിരുന്ന അജുകുമാർ പനി ബാധിച്ചതിനാൽ കുറച്ചു ദിവസമായി ജോലിക്കു പോയിരുന്നില്ല. ബുധനാഴ്ച ഉച്ചവരെ ഇവരെ കണ്ടവരുണ്ട് അതിനു ശേഷം എപ്പോഴോ ആണ് മരണം നടന്നിട്ടുള്ളത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയിട്ടേ കൂടുതൽ അറിയാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു.