km-mani
നിയമസഭയിൽ ബഡ്ജറ്റ് അവതരിപ്പിക്കാനെത്തിയ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്ക് കെ.എം മാണിയുമായ് സംഭാഷണത്തിൽ.ഹൈബി ഈഡൻ എം.എൽ.എ സമീപം

തിരുവനന്തപുരം:പ്രളയസെസ് ഉൽപന്നങ്ങൾക്ക് മാത്രമല്ല സേവനങ്ങൾക്കും ബാധകമായിരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏറ്റവും കുറഞ്ഞ നികുതി വിഭാഗത്തിൽ പെടുന്നവയൊഴികെ ജി.എസ്. ടി ബാധകമായ എല്ലാ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും ഒരു ശതമാനം സെസ് ഈടാക്കും. സ്വർണത്തിന് 0.25 ശതമാനം അധികസെസ് നൽകേണ്ടിവരും.

സെസ് വിലക്കയറ്റമുണ്ടാക്കുമെന്ന പ്രതിപക്ഷ ആരോപണം മന്ത്രി തള്ളി.സെസ് ഏർപ്പെടുത്തിയാലും എം.ആർ.പിയേക്കാൾ വില കൂടില്ല. ജി.എസ്.ടി.വന്നതോടെ പല സാധനങ്ങളുടെയും നികുതി പകുതിയിൽ താഴെയായി. ഇതിന്റെ പ്രയോജനം കച്ചവടക്കാർ ഉപഭോക്താക്കൾക്ക് കൈമാറിയിട്ടില്ല. സെസിന്റെ പേരിൽ വിലകൂട്ടിയാൽ അപ്പോൾ കൈകാര്യം ചെയ്യും.സെസിനെ കുറ്റപ്പെടുത്തുന്ന യു.ഡി.എഫ്. അവരുടെ ഭരണകാലത്ത് അടിക്കടി വാറ്റ് നികുതി കൂട്ടിയത് മറക്കരുത്. നികുതി വരുമാനം 30 ശതമാനത്തിൽ എത്തിക്കുമെന്നത് വീരവാദമല്ല. യാഥാർത്ഥ്യബോധത്തോടെയാണ് പറയുന്നത്. നികുതി 14ശതമാനം കടന്നാൽ കേന്ദ്രത്തിന്റെ ജി.എസ്.ടി നഷ്ടപരിഹാരത്തിൽ നിന്ന് കേരളം പുറത്തുവരും. ഇതിന് ശേഷം വാറ്റ് നികുതി കുടിശിക കർശനമായി പിരിച്ചെടുക്കും. നികുതി കൂട്ടുന്നത് ആലോചിക്കാൻ ഫെബ്രുവരി 9 ന് തൃശ്ശൂരിൽ നികുതി വകുപ്പ് ജീവനക്കാരുടെ യോഗം വിളിക്കും.

കാരുണ്യ ചികിത്സാ പദ്ധതി ഇല്ലാതാക്കിയെന്ന ആരോപണം ശരിയല്ല. ഇൻഷ്വറൻസ് കേന്ദ്രപദ്ധതിയാണ്. അത് നടപ്പാക്കുന്നതിനൊപ്പം കാരുണ്യയുടെ തീവ്രരോഗ ചികിത്സാ സഹായ പദ്ധതി തുടരും.

പ്രളയസെസ് ജനവിരുദ്ധമാണെന്ന് വാദിക്കുന്നവർ കടുത്ത സാമ്പത്തിക പ്രതിസന്ധിയും പ്രളയദുരിതവും മറക്കരുത്. സാമ്പത്തികസ്ഥിതി ദുർബലമായതോടെ കിട്ടാവുന്ന സാമ്പത്തിക ഉറവിടങ്ങളെല്ലാം ഉപയോഗിക്കേണ്ടിവരും. പ്രളയസെസ് ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ടതാണ്.

കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ച 2000 കോടിയുടെ ഒാഖി പാക്കേജ് ചെലവാക്കിയില്ലെന്ന വാദം ശരിയല്ല. തീരദേശ സംരക്ഷണത്തിന് 252കോടി ചെലവാക്കി. 226 കോടി ചെലവിട്ട് പരപ്പനങ്ങാടിയിലും ചെത്തിയിലും കടൽമുട്ട് കിഫ്ബി സഹായത്തോടെ നടപ്പാക്കും. തീരദേശ പുനരധിവാസത്തിനായി 300കോടിയുടെ നബാർഡ് വായ്പാ നിർദ്ദേശം സമർപ്പിച്ചിട്ടുണ്ട്. ഫണ്ട്പൂർണ്ണമായും ചെലവഴിക്കാതിരുന്നത് ഉപയോക്താക്കൾക്കുണ്ടായ ആശയകുഴപ്പം മൂലമാണെന്നും മന്ത്രി അവകാശപ്പെട്ടു.