kovalam

കോവളംം: അമ്പലത്തറ കുമരി ചന്തയ്ക്ക് സമീപം പൂന്തുറ പുത്തൻ പള്ളി റോഡിലൂടെ മലിനജലം ഒഴുകുന്നത് കാരണം യാത്രക്കാർ ദുരിതത്തിലായി. റോഡ്‌ വക്കിലെ ഓട അടഞ്ഞതു കാരണം റോഡ്‌ നിറഞ്ഞു വെള്ളം ഒഴുകി റോഡ് പൊട്ടിപ്പൊളിഞ്ഞു. ഇതു പരിഹരിക്കാൻ റോഡിൽ ഇന്റർലോക്ക് നിരത്തിയെങ്കിലും അത് ഇളകി റോഡിൽ കുഴികൾ രൂപപ്പെട്ട നിലയിലാണ്. നിത്യേന സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധിപേർ യാത്രചെയ്യുന്ന റോഡാണ് ഇത്തരത്തിൽ തകർന്ന നിലയിലായത്. വാഹനങ്ങൾ ഒച്ചിഴയും വേഗതയിലാണ് ഇതുവഴി കടന്നുപോകുന്നത്. ഇത് മിക്കപ്പോഴും ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്. വെള്ളക്കെട്ടുള്ളതിനാൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ വഴിയാത്രക്കാർക്ക് ഇതുവഴി സഞ്ചരിക്കാൻ കഴിയുന്നില്ല. മലിനജലം ഇരുചക്രവാഹന യാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും ദേഹത്തു തെറിക്കുന്നതും പതിവാണ്. വെള്ളക്കെട്ടിനു സമീപത്തുള്ള വ്യാപാരികളും ഇതു കാരണം വിഷമത്തിലാണ്. വാർഡ് കൗൺസിലറിന്റെ നേതൃത്വത്തിൽ ഇവിടെ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾ പൊതുമരാമത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിച്ചു.