നെടുമങ്ങാട് : കുത്തനെയുള്ള കയറ്റിറക്കവും കൊടുംവളവുകളും ചെങ്കോട്ട ഹൈവേയിൽ ചുള്ളിമാനൂരിനും താന്നിമൂടിനും ഇടയിൽ അപകടങ്ങൾക്ക് വഴിയൊരുക്കുന്നു. എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങളെ കാണാൻ കഴിയാത്ത തരത്തിലാണ് വളവുകൾ. ഡ്രൈവറുടെ ശ്രദ്ധ അല്പമൊന്ന് പാളിയാൽ എതിരെ വരുന്ന വാഹനവുമായി കൂട്ടിയിടിയിടിക്കുമെന്നത് ഉറപ്പാണ്. നിത്യവും ഒരു ഡസനോളം അപകടങ്ങൾ ഈ മേഖലയിൽ അരങ്ങേറുന്നുണ്ട്. ഇറക്കം ഇറങ്ങി വരുന്നവർ അമിത വേഗതയിലായാൽ വാഹനത്തിന്റെ നിയന്ത്രണം തെറ്റും. കയറ്റം താണ്ടുന്ന വാഹനത്തിൽ കൂട്ടി ഇടിക്കും. ഇത്തരത്തിൽ നിരവധി ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. റോഡിന്റെ ഗതിയറിയാവുന്നവർ ഈ ഭാഗങ്ങളിൽ ശ്രദ്ധയോടെ മാത്രമേ വാഹനമോടിക്കാറുള്ളൂ. എന്നാൽ സ്‌കൂൾ-കോളേജ് വിദ്യാർത്ഥികളും അന്തർ സംസ്ഥാന വാഹനങ്ങളിലെ ഡ്രൈവർമാരും ടിപ്പർ ലോറികളും യാതൊരു നിയന്ത്രണവുമില്ലാതെ ഇതുവഴി മരണപ്പാച്ചിലാണ്. ഒരു വർഷത്തിനിടെ നൂറുകണക്കിന് അപകടങ്ങളുണ്ടായി. പുതുവസ്ത്രമെടുക്കാൻ പിതാവിനൊപ്പം ബൈക്കിൽ പോകവേ, ടിപ്പർലോറി ഇടിച്ച് അഞ്ചാം ക്ളാസുകാരി മരിച്ചത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ടിപ്പറുകളുടെ മത്സരയോട്ടം ഇപ്പോഴും തുടരുകയാണ്. വഞ്ചുവത്തും ഇളവട്ടത്തും അനധികൃത റോഡ് കൈയേറ്റമാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്. ഗ്രാമപഞ്ചായത്ത്-റവന്യൂ അധികാരികൾ ഇതിനെതിരെ ചെറുവിരൽ പോലും അനക്കുന്നില്ല. വഞ്ചുവത്ത് കഴിഞ്ഞ ദിവസം അപകടം നടന്ന വളവിൽ റോഡിനോട് ചേർന്നാണ് വൈദ്യുതി തൂണുകൾ നാട്ടിയിരിക്കുന്നത്. നിയന്ത്രണം വിട്ട് ഒരു വാഹനം വന്നാൽ എതിർ ദിശയിലെ വാഹനം ഒഴിച്ചു നിറുത്താനുള്ള സൗകര്യം ഇലക്ട്രിക് പോസ്റ്റുകൾ കവർന്നിരിക്കുകയാണ്. മഞ്ഞക്കോട്ടുമൂലയിൽ റോഡിന്റെ ഓരം ചാലുവീണ് ഗർത്ത സമാനമാണ്. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ടൂ വീലറുകൾ അടക്കമുള്ള ചെറിയ വാഹങ്ങൾ ചാലിൽ തെന്നി വീഴും. തലനാരിഴ വ്യത്യാസത്തിലാണ് പലരും മരണത്തിൽ നിന്ന് രക്ഷപ്പെടുന്നത്. ഇത്തരം ഭാഗങ്ങളിൽ ടാർ ചെയ്ത റോഡിന് അനുബന്ധമായി കോൺക്രീറ്റ് ചെയ്യുകയോ കല്ല് പാകുകയോ ചെയ്യണമെന്ന് കെ.എസ്.ടി.പി പൊതുമരാമത്ത് റോഡ് വിഭാഗത്തോട് നിർദേശിച്ചിട്ടുണ്ട്. എന്നാൽ, ഇക്കാര്യം നിറവേറ്റേണ്ടത് കെ.എസ്.ടി.പിയാണെന്ന പക്ഷമാണ് മരാമത്ത് ഉദ്യോഗസ്ഥർക്ക്. പി.ഡബ്ലിയു.ഡി നെടുമങ്ങാട്, പാലോട് സെക്ഷനുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളാണ് അപായമുനമ്പുകളായി മാറിയിട്ടുള്ളത്. അഞ്ച് വർഷം മുമ്പ് ഇരുപത് കോടി രൂപ ചെലവിട്ട് കെ.എസ്.ടി.പി നവീകരിച്ച റോഡാണ് ഇപ്പോൾ അപകട കെണിയായത്.
അപകടങ്ങൾ നടക്കുന്ന ഭാഗങ്ങളിൽ ചുമട്ടുതൊഴിലാളികളും റോഡരികിലെ താമസക്കാരും കച്ചവടക്കാരുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നത്. വിവിധ യുവജന- സന്നദ്ധ സംഘടനകളും പ്രവർത്തകരും നൽകുന്ന സേവനം എടുത്തു പറയേണ്ടതാണ്. വഞ്ചുവത്ത് കഴിഞ്ഞദിവസം അപകടത്തിപ്പെട്ട മൂന്ന് വിദ്യാർത്ഥികളെ യഥാസമയം മെഡിക്കൽ കോളേജിൽ എത്തിച്ചതു കൊണ്ടാണ് ഒരാളുടെ ജീവൻ രക്ഷിക്കാനായത്. വഞ്ചുവം മുസ്ലിം പള്ളിക്ക് സമീപത്തെ ഗോഡൗണിൽ പണിയെടുക്കുന്ന സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, എസ്.ടി.യു സംഘടനകളിലെ തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിൽ മാതൃകയാണ്.