റബ്ബർ താങ്ങുവിലയ്ക്ക് 500 കോടിയുടെ പാക്കേജും 1000 കോടിയുടെ രണ്ടാം കുട്ടനാട് പാക്കേജും ധനമന്ത്രി ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. റബ്ബർ മൂല്യവർദ്ധിത ഉല്പന്ന നിർമാണത്തിന് സിയാൽ മാതൃകയിൽ കമ്പനി വരുന്ന സാമ്പത്തിക വർഷം രൂപീകരിക്കും. ഇതിൽ 26 ശതമാനം ഓഹരി സർക്കാരിനും ബാക്കി സ്വകാര്യനിക്ഷേപകർക്കു ആയിരിക്കും.
ആയിരം കോടിയുടെ കുട്ടനാട് പാക്കേജിന്റെ ഭാഗമായി കായലും ജലാശയങ്ങളും ഒറ്റത്തവണ ശുചീകരിക്കും. പുറംബണ്ട് അറ്റകുറ്റപ്പണിക്കും നിർമ്മാണത്തിനുമായി 47കോടി അനുവദിച്ച ബഡ്‌ജറ്റിൽ 250 കോടിയുടെ കുട്ടനാട് കുടിവെള്ള പദ്ധതി വരുന്ന സാമ്പത്തിക വർഷം നടപ്പാക്കുമെന്നും പ്രഖ്യാപിച്ചു.
ജനകീയ ഇടപെടലുകളിലൂടെ 24 പുഴകൾ 1017 കിലോമീറ്റർ ദൈർഘ്യത്തിൽ പുനരുജ്ജീവിപ്പിക്കും. ഇത്തരം ജനകീയ സംരംഭങ്ങളെ പിന്തുണയ്ക്കാൻ 25കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കേരളത്തിന്റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴിലാളികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് കഴിഞ്ഞ ബഡ്‌ജറ്റിൽ തീരദേശത്തിനു പ്രഖ്യാപിച്ച 2000 കോടിയുടെ പാക്കേജ് വിപുലീകരിച്ച് റീബിൽഡ് കേരളയിലെ സമഗ്രപരിപാടിയാക്കും.
തീരദേശ വികസനത്തിന് 2019-20ൽ ആയിരം കോടിയിലധികം രൂപ ചെലവിടും. തീര പുനരധിവാസത്തിന്റെ അടിയന്തര ചെലവുകൾക്ക് 100 കോടി രൂപ അധികം നീക്കിവയ്‌ക്കുന്ന ബഡ്‌ജറ്റിൽ കുടുംബാരോഗ്യകേന്ദ്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ തീരദേശത്തിന് മുൻഗണന നൽകുമെന്നും ഉറപ്പു നൽകുന്നു. പരിശീലനത്തിനും പഠനകേന്ദ്രങ്ങൾക്കും 13കോടി മാറ്റിവയ്‌ക്കും. തിരുവനന്തപുരത്ത് മീൻ വില്പനക്കാരായ മത്സ്യത്തൊഴിലാളി വനിതകൾക്ക് കിയോസ്കുകൾ സ്ഥാപിക്കാൻ സബ്സിഡിയോടെ പലിശരഹിത വായ്പാപദ്ധതി നടപ്പാക്കും.
രണ്ടു വർഷംകൊണ്ട് 6000 കിലോമീറ്റർ റോഡ് നിർമ്മാണം പൂർത്തിയാക്കും. നവീകരണത്തിന്റെ ഭാഗമായി ഏറ്റെടുക്കുന്ന റോഡുകൾ പുതിയ സങ്കേതങ്ങൾ ഉപയോഗിച്ച് ഡിസൈൻഡ് റോഡുകളാക്കും.
കേരള ബോട്ട് ലീഗ്
ആഗസ്റ്റ് രണ്ടാം ശനിയാഴ്ചയിലെ നെഹ്രു ട്രോഫി മുതൽ നവംബർ ഒന്നിലെ പ്രസിഡന്റ് കപ്പ് വരെയുള്ള മൂന്നു മാസക്കാലം എല്ലാ വാരാന്ത്യത്തിലും ഏതെങ്കിലുമൊരു കേന്ദ്രത്തിൽ വള്ളംകളി സംഘടിപ്പിക്കും. ഇത് പുതിയ ടൂറിസം സീസണാകും. യുനെസ്കോയുടെ സാംസ്കാരിക പൈതൃക പദവി കേരളത്തിലെ വള്ളംകളിക്ക് ലഭിക്കാൻ നടപടി സ്വീകരിക്കും.
സംസ്ഥാനത്തെ തുറമുഖ നഗരങ്ങളെ ബന്ധിപ്പിച്ച് 6000 കോടിയുടെ കിഫ്ബി ധനസഹായത്തോടെ സൈക്കിൾ ട്രാക്കോടു കൂടിയ തീരദേശ ഹൈവേയുടെ നിർമ്മാണം സ്പൈസസ് റൂട്ടിന് ഉത്തേജനമാകും.