thomas-isaac

തിരുവനന്തപുരം: എട്ട് മിനിട്ട് കൂടി ബഡ്ജറ്റ് പ്രസംഗം നീട്ടിയിരുന്നെങ്കിൽ റെക്കാഡ് സ്വന്തമാക്കാമായിരുന്നിട്ടും ധനമന്ത്രി ഡോ. തോമസ് ഐസക് അത് വേണ്ടെന്നുവച്ചു.

രണ്ട് മണിക്കൂറും 47 മിനിട്ടുമെടുത്ത് ബഡ്ജറ്റ് പ്രസംഗം വായിച്ചുതീർത്ത ഐസക് ഒട്ടേറെ പേജുകൾ വായിക്കാതെ തന്നെ വായിച്ചതായി പരിഗണിക്കണമെന്ന് പറഞ്ഞ് വിടുകയായിരുന്നു. അവയെല്ലാം വായിച്ചിരുന്നെങ്കിൽ കുറഞ്ഞത് മൂന്നര- നാല് മണിക്കൂറെങ്കിലും വേണ്ടി വന്നേനെ. അത് നിയമസഭയിൽ സർവകാല റെക്കാഡും ആകുമായിരുന്നു.

നിയമസഭയിലെ ദൈർഘ്യമേറിയ ബഡ്ജറ്റ് പ്രസംഗം നടത്തിയതിന്റെ റെക്കാഡ് നിലവിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കാണ്. കഴിഞ്ഞ സഭയിൽ മുൻസർക്കാരിന്റെ അവസാന ബഡ്ജറ്റ് അവതരിപ്പിക്കാൻ നിയോഗം കെ.എം. മാണി രാജിവച്ചതിനെ തുടർന്ന് ധനവകുപ്പിന്റെയും ചുമതല വഹിച്ച ഉമ്മൻചാണ്ടിക്കായിരുന്നു. 2016-17ൽ നടത്തിയ ഈ പ്രസംഗം രണ്ട് മണിക്കൂറും 54 മിനിട്ടുമായിരുന്നു. 2014ൽ കെ.എം. മാണിയുടെ പ്രസംഗം രണ്ട് മണിക്കൂറും 50 മിനിട്ടുമായിരുന്നു. അന്ന് ബഹളം മൂലം തടസപ്പെട്ട ആറ് മിനിട്ട് കൂടി പരിഗണിച്ചാൽ ഇതായേനെ റെക്കാഡ് ബഡ്ജറ്റ് പ്രസംഗം.