kodiyeri

തിരുവനന്തപുരം: കേരളത്തിന്റെ പുനർനിർമ്മാണത്തെ ഉൾക്കൊണ്ടുകൊണ്ടുള്ള വികസനോന്മുഖമായ ബഡ്ജറ്റാണ് നിയമസഭയിൽ അവതരിപ്പിച്ചതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.
അടിയന്തരമായ ധനാശ്വാസ നടപടികളും ദീർഘകാലാടിസ്ഥാനത്തിലുള്ള സമഗ്രവികസന പരിപാടികളും സമന്വയിപ്പിക്കുന്ന ബഡ്ജറ്റാണിത്. കാലവർഷക്കെടുതി സൃഷ്ടിച്ച പ്രതിസന്ധികൾക്കും കേന്ദ്ര സർക്കാരിന്റെ തെറ്റായ നടപടികൾക്കും ഇടയിൽ നിന്നുകൊണ്ട് അവതരിപ്പിച്ച ഈ ബഡ്ജറ്റ് സാധാരണക്കാർക്ക് കൂടുതൽ പരിഗണന നൽകുന്നതാണ്.
കേരള വികസനത്തിന്റെ ദൗർബല്യമായി വിലയിരുത്തപ്പെടുന്ന കാർഷിക, വ്യാവസായിക മേഖലകളിലെ മുരടിപ്പ് മാറ്റുന്നതിനും ആ മേഖലയെ ശക്തിപ്പെടുത്തുന്നതിനും പ്രത്യേക ശ്രദ്ധ ഈ ബഡ്ജറ്റിലുണ്ട്. പശ്ചാത്തല മേഖലയെ ശക്തിപ്പെടുത്താനുള്ള കാഴ്ചപ്പാടും ഇത് മുന്നോട്ടുവയ്ക്കുന്നുണ്ട്. മൂലധന നിക്ഷേപത്തിന്റെ വർദ്ധനവ് ഈ ബഡ്ജറ്റിനെ ശ്രദ്ധേയമാക്കുന്നുണ്ട്. സാമൂഹ്യക്ഷേമ മേഖലയിൽ നിന്ന് പിന്മാറുന്ന ആഗോളവത്കരണ നയങ്ങൾക്ക് ബദൽ സമീപനവും ഇത് മുന്നോട്ടുവയ്ക്കുന്നു.
സർക്കാർ വിശ്വാസികൾക്ക് എതിരാണെന്ന സംഘപരിവാർ പ്രചരണത്തിന്റെ വായടപ്പിക്കുന്ന തരത്തിലുള്ള സമീപനവും ബഡ്ജറ്റ് മുന്നോട്ടുവച്ചിട്ടുണ്ട്. ക്ഷേമപെൻഷനുകളുടെ വർദ്ധന, സ്ത്രീശാക്തീകരണത്തിന് പ്രത്യേക പരിഗണന, പരമ്പരാഗത മേഖലയെ സംരക്ഷിക്കാനുള്ള ഇടപെടൽ, നാളികേരത്തിനും റബ്ബറിനുമുള്ള സവിശേഷ പരിഗണന തുടങ്ങിയവയെല്ലാം ജനങ്ങൾക്ക് ഏറെ ഗുണകരമായിട്ടുള്ളതാണ്. മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണത്തിനുള്ള ഊന്നൽ ഭാവി കേരളത്തിന്റെ മുന്നോട്ടുപോക്കിനും സഹായകരമാണെന്നും കോടിയേരി പറഞ്ഞു.