മായത്ത് പുരൈ മല കടവിൽ കാണാതായ കർഷകനെ കണ്ടെത്താനായി അഗ്നിശമനസേനയും, നെയ്യാർഡാം പൊലീസും, സ്‌കൂബാ ടീമും ഇന്നലെ നടത്തിയ തിരച്ചിലിലും ഫലമുണ്ടായില്ല
ബുധനാഴ്‌ചയാണ് കർഷകനായ അമ്പൂരി മായം പള്ളിപ്പറ്റമ്പിൽ വീട്ടിൽ ജനാർദ്ദന (ജോസഫ്-66) നെ കാണാതായത്. വീടിന് സമീപത്തെ പുരയിടത്തിൽ കൃഷിപ്പണി ചെയ്തിരുന്ന ജനാർദ്ദനൻ ഉച്ചയ്ക്ക് ഊണ് കഴിക്കാൻ എത്താതായതോടെ നടത്തിയ അന്വേഷണത്തിലാണ് കാണാതായ വിവരം പുറത്തറിയുന്നത്. തുടർന്ന് വീട്ടുകാരും പ്രദേശവാസികളും പരിസരങ്ങളിൽ തിരച്ചിൽ നടത്തിയിട്ടും ഇദ്ദേഹത്തെ കണ്ടെത്താനാകാത്തതിനെ തുടർന്ന് നെയ്യാർഡാം പൊലീസിനേയും അഗ്നിശമനസേനയേയും വിവരം അറിയിക്കുകയായിരുന്നു. ജനാർദ്ദനൻ ജോലി കഴിഞ്ഞു കടവിൽ മൺവെട്ടി കഴുകുന്നത് കണ്ടിരുന്നു എന്നും ശേഷം കാണാതാവുകയായിരുന്നു എന്നുമാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച രാത്രി വൈകിയും റിസർവോയറിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഇന്നലെ രാവിലെയോടെ സ്‌കൂബാ ടീം തെരച്ചിലിന് എത്തുകയായിരുന്നു.