തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി എം.ഡി സ്ഥാനത്തു നിന്ന് ടോമിൻ ജെ. തച്ചങ്കരിയെ തെറിപ്പിച്ചത് വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ ആവശ്യപ്രകാരമാണെന്ന് സൂചന.
പുതിയ ജി.പി.എസ് സംവിധാനമുള്ള ടിക്കറ്ര് മെഷീനുകൾ വാങ്ങാനുള്ള ടെൻഡർ നടപടികളിൽ ബംഗളൂരുവിലെ മൈക്രോ എഫ്.എക്സ് കമ്പനിയെ ഉൾപ്പെടുത്താത്തതിനെ ചൊല്ലി എം.ഡിയും മന്ത്രിയും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. മന്ത്രി പ്രത്യേകം ശുപാർശ നൽകിയിട്ടും തച്ചങ്കരി അംഗീകരിച്ചില്ല. ഒടുവിൽ മന്ത്രിസഭായോഗത്തിൽ മന്ത്രിയുടെ ആവശ്യം നടപ്പാകുകയായിരുന്നു.
തച്ചങ്കരി ട്രാൻസ്പോർട്ട് കമ്മിഷണറായിരുന്നപ്പോഴും മന്ത്രി ശശീന്ദ്രനുമായി ഉടക്കുണ്ടായതിനെ തുടർന്ന് മന്ത്രി ഇടപെട്ടാണ് കമ്മിഷണർ സ്ഥാനം തെറിപ്പിച്ചത്.
കെ.എസ്.ആർ.ടി.സിയുടെ വ്യവസ്ഥകൾ പ്രകാരം മൈക്രോ എഫ്.എക്സ് കമ്പനിക്ക് ടെൻഡറിൽ പങ്കെടുക്കാൻ കഴിയുമായിരുന്നില്ല. മാത്രമല്ല, പത്തു വർഷം മുമ്പ് ഈ കമ്പനിയുമായി കോർപറേഷൻ നടത്തിയ ഇടപാടു സംബന്ധിച്ച് ഏറെ ആക്ഷേപവും ഉയർന്നിരുന്നു. ആറായിരം ആധുനിക ടിക്കറ്റ് മെഷീനാണ് വേണ്ടത്. ഏഴുകോടിയിൽ പരം രൂപയുടെ ഇടപാടാണ് നടക്കുക.
കോടതിയും ചോദിച്ചു, മന്ത്രിക്കെന്താ കാര്യം?
മൈക്രോ എഫ്.എക്സ് കമ്പനിയെ കെ.എസ്.ആർ.ടി.സി തള്ളിയപ്പോൾ അവർ ഒരു പ്രമുഖ എൻ.സി.പി നേതാവു വഴി മന്ത്രിയുടെ ഓഫീസിനെ സമീപിച്ചു. മന്ത്രി ശുപാർശ എഴുതി ഒപ്പിട്ട് 29ന് തച്ചങ്കരിക്ക് അയച്ചു. അടുത്ത ദിവസം ഇതേ കമ്പനി ടെൻഡറിലെ പുതിയ വ്യവസ്ഥകൾക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു. മന്ത്രിക്ക് ഇക്കാര്യത്തിൽ പ്രത്യേക താത്പര്യമെന്തെന്ന് കോടതി ചോദിച്ചതോടെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു. അന്ന് (ബുധൻ) നടന്ന മന്ത്രിസഭായോഗത്തിൽ തച്ചങ്കരിയെ നീക്കിക്കൊണ്ടുള്ള തീരുമാനം വന്നു.
''ഞാനും തച്ചങ്കരിയുമായി ഒരു അഭിപ്രായവ്യത്യാസവും ഇല്ല. ഒരു ശുപാർശയും ഞാൻ നടത്തിയിട്ടുമില്ല. കേൾക്കുന്നതൊക്കെ കഥകളാണ്''
- മന്ത്രി എ.കെ. ശശീന്ദ്രൻ
യൂണിയൻകാരുടെ സമ്മർദ്ദവും
അംഗത്വഫീസിലെ ഇടിവ് ചൂണ്ടിക്കാട്ടി ഇടത് തൊഴിലാളി സംഘടനകൾ ഒന്നടങ്കം തച്ചങ്കരിയെ മാറ്റാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തിവരികയായിരുന്നു.
സി.ഐ.ടി.യു സംസ്ഥാന നേതാക്കളും കെ.എസ്.ആർ.ടി.സിയിലെ ചില ഭരണസമിതി അംഗങ്ങളും സ്ഥാനമൊഴിയൽ ഭീഷണി മുഴക്കിയിരുന്നു. നിലവിലെ അവസ്ഥയിൽ തുടർന്നിട്ട് കാര്യമില്ലെന്ന് അവർ സർക്കാരിനെ അറിയിച്ചു. സംഘടനയ്ക്ക് മാസവരി നൽകുന്നവരുടെ എണ്ണം കുറയുന്നതാണ് അവരെ അസ്വസ്ഥരാക്കിയത്. സ്ഥലംമാറ്റം, അച്ചടക്ക നടപടി തുടങ്ങിയവയിൽ കൈകടത്തിയിരുന്ന യൂണിയൻ നേതാക്കളാണ് ജീവനക്കാരെ വിരട്ടി കൂടെ നിറുത്തിയിരുന്നത്. എന്നാൽ സംസ്ഥാന നേതാക്കളെ അടക്കം തച്ചങ്കരി തലങ്ങും വിലങ്ങും തെറിപ്പിച്ചു. 15 വർഷത്തിന് ശേഷം ആദ്യമായി ഷെഡ്യൂളുകൾക്ക് അനുസൃതമായി നടത്തിയ പൊതുസ്ഥലമാറ്റം യൂണിയനുകളുടെ വേരറുക്കുന്നതായിരുന്നു.