പോത്തൻകോട് : ശ്രീകാര്യത്ത് സിവിൽ സ്റ്റേഷനും കൊടിക്കുന്നിലിൽ കുടിവെള്ള സംഭരണിയും കടകംപള്ളി കുടുംബാരോഗ്യ കേന്ദ്രത്തിന് ബഹുനില മന്ദിരവും അടക്കം 61 കോടി രൂപയുടെ വികസന പദ്ധതികളാണ് മണ്ഡലത്തിനായി ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചത്.
ശ്രീകാര്യം സിവിൽസ്റ്റേഷൻ നിർമ്മാണത്തിന് 10 കോടിയും ശ്രീകാര്യം ഗവ. ഹൈസ്കൂളിന് പുതിയ കെട്ടിട സമുച്ചയത്തിന് 10 കോടിയും, കാട്ടായിക്കോണം യു.പി.എസിന് പുതിയ കെട്ടിടത്തിന് 5 കോടിയും, കൊടിക്കുന്നിൽ കുടിവെള്ള സംഭരണി സ്ഥാപിക്കുന്നതിനും, അനുബന്ധ പ്രവൃത്തികൾക്കുമായി 10 കോടിയും നീക്കിവച്ചു. ചാവടിമുക്ക് - കുളത്തൂർ - കഴക്കൂട്ടം റോഡ് പുനരുദ്ധാരണത്തിന് 5 കോടി. ചേങ്കോട്ടുകോണം എൽ.പി.എസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 2 കോടിയും, കേശവദാസപുരം കറ്റച്ചക്കോണം സ്കൂളിന് പുതിയ കെട്ടിടത്തിന് 2 കോടിയും, ശ്രീകാര്യം - ആക്കുളം റോഡ് പുനരുദ്ധാരണത്തിന് 2.5 കോടിയും വകയിരുത്തി. ചേങ്കോട്ടുകോണം മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിന് 2 കോടി രൂപയും, മരുതുംമൂട് - അരുവിക്കരക്കോണം റോഡ് പുനരുദ്ധാരണത്തിനായി 1.5 കോടിയും, ചന്തവിള – പുന്നാട്ട് - ഇലിപ്പക്കുഴി റോഡിന് 2 കോടിയും, കുമാരപുരം - പടിഞ്ഞാറ്റിൽ ലെയിൻ - അറപ്പുര – കണ്ണമ്മൂല വരെ ഡ്രെയിനേജ് സംവിധാനത്തിനായി 50 ലക്ഷം രൂപയും ലഭിക്കും. കൊച്ചുള്ളൂർ - ടെമ്പിൾ റോഡ് - പോങ്ങുംമൂട് റോഡ് പുനരുദ്ധാരണത്തിനും അനുബന്ധ പ്രവൃത്തികൾക്കുമായി 1.5 കോടിയും, ചന്തവിള മാർക്കറ്റ് ഷോംപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിന് 2 കോടിയും, കടകംപള്ളി കുടുംബാരോഗ്യ കേന്ദ്രത്തിന് ബഹുനില മന്ദിരം നിർമ്മിക്കുന്നതിന് 5 കോടി രൂപയും അനുവദിച്ചു.