udf

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങവെ യു. ഡി. എഫ് ഘടകകക്ഷികൾ സീറ്റുകൾ അവകാശപ്പെട്ടതോടെ ഇന്ന് വൈകിട്ട് പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ ചേരുന്ന അടിയന്തര മുന്നണിയോഗം സീറ്റ് വിഭജന ചർച്ചയിലേക്ക് കടന്നേക്കും. ഉഭയകക്ഷി ചർച്ചകൾക്കുള്ള തീയതികളും തീരുമാനിക്കും. സീറ്റ് വിഭജനം നേരത്തേ പൂർത്തിയാക്കി സ്ഥാനാർത്ഥികളെ നിർണ്ണയിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് പോകാനാണ് യു.ഡി.എഫ് തീരുമാനം.

മുസ്ലിംലീഗും കേരള കോൺഗ്രസ്-മാണിയും ഓരോ സീറ്റ് അധികം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. ജേക്കബ് ഗ്രൂപ്പും ഇടുക്കി ചോദിച്ച് നിൽക്കുന്നു. കൂടുതൽ സീറ്റുകൾ നൽകാനാവില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. ഘടകകക്ഷികൾ പതിവനുസരിച്ച് വിട്ടുവീഴ്ചയ്ക്ക് തയ്യാറായാൽ വലിയ തലവേദനയില്ലാതെ കോൺഗ്രസിന് സ്ഥാനാർത്ഥി ചർച്ചകളിലേക്ക് കടക്കാം. എന്നാൽ കേരള കോൺഗ്രസ്-മാണിഗ്രൂപ്പിലെ ഉൾപ്പാർട്ടി പോര് കോൺഗ്രസിന് ഒരു തലവേദനയായി നിൽക്കുന്നു.

മാണി ഒരു സീറ്റ് കൂടുതലായി ചോദിക്കുന്നതിലുള്ള പ്രതിഷേധം കോൺഗ്രസിന്റെ വിവിധ തലങ്ങളിൽ നിന്ന് ഉയർന്നു തുടങ്ങിയിട്ടുണ്ട്. വി.എം. സുധീരൻ പരോക്ഷമായി ഇതിൽ അതൃപ്തി പ്രകടിപ്പിക്കുന്ന പ്രസ്താവന ഇന്നലെ നടത്തി. യു.ഡി.എഫ് വിട്ടുപോയ മാണിഗ്രൂപ്പിനെ രാജ്യസഭാസീറ്റ് ദാനം ചെയ്ത് മടക്കിക്കൊണ്ടുവന്നതിൽ പരസ്യമായി പ്രതിഷേധമറിയിച്ചയാളാണ് സുധീരൻ. അതിനാൽ മാണിക്കുള്ള മുന്നറിയിപ്പ് കൂടിയാണ് സുധീരന്റെ പ്രസ്താവന.

അതേസമയം, ഒരു സീറ്റ് കൂടുതൽ വേണമെന്ന നിലപാടിൽ നിന്ന് പിന്നോട്ട് പോകാൻ പി.ജെ. ജോസഫിനാകില്ല. മാണി ഗ്രൂപ്പിൽ ജോസഫ് ഗ്രൂപ്പിന്റെ നിലനില്പിന് അത് അനിവാര്യമാണ്. അല്ലെങ്കിൽ മുതിർന്ന നേതാവായ ജോസഫിനെ മറികടന്ന് ജോസ് കെ.മാണി പാർട്ടിയിൽ മുന്നിലെത്തുമെന്ന് ജോസഫ് വിഭാഗം കരുതുന്നു. ഇടുക്കി സീറ്റ് ലഭിച്ചാൽ ഇടതുമുന്നണിയിലുള്ള ജനാധിപത്യ കേരളകോൺഗ്രസിനെ കൂടി ഒപ്പം കൂട്ടി ശക്തിയാകാമെന്നും ജോസഫ് വിഭാഗം കരുതുന്നു. കോൺഗ്രസ് പക്ഷേ ഇതംഗീകരിക്കുമോ എന്നുറപ്പില്ല. സമസ്ത ഉൾപ്പെടെയുള്ളവർ ശക്തമായി രംഗത്തുള്ള സ്ഥിതിക്ക് മൂന്നാം സീറ്റെന്ന ആവശ്യത്തിൽ നിന്ന് പിറകോട്ട് പോകുന്നതിൽ ലീഗിന് സ്വന്തമായി തീരുമാനമെടുക്കാനാകുമോയെന്ന ആശങ്കയുണ്ട്. മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കാതിരിക്കാനുള്ള കരുതൽ ലീഗിൽ നിന്നുണ്ടാകുമെന്ന് കോൺഗ്രസ് കരുതുന്നു. ജേക്കബ് ഗ്രൂപ്പ് തൽക്കാലം വഴങ്ങിയേക്കുമെന്ന് കരുതുന്നു.