നെടുമങ്ങാട് : ചെങ്കോട്ട ഹൈവേയിൽ വഞ്ചുവം വളവിൽ മൂന്ന് പ്ലസ് വൺ വിദ്യാർത്ഥികൾ സഞ്ചരിച്ച സ്‌കൂട്ടർ ലോറിയിൽ ഇടിച്ച് രണ്ട് പേർ മരണമടയുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഇന്നലെ ഉച്ചയോടെയാണ് അപകടം. ചുള്ളിമാനൂർ കോതകുളങ്ങര മൂഴിപ്ലാങ്ങര മണികണ്ഠ വിലാസത്തിൽ ബാലസുബ്രഹ്മണ്യന്റെയും ശ്രീകലയുടെയും മകൻ മണികണ്ഠൻ (17), പനയമുട്ടം നൗഫൽ മൻസിലിൽ നൗഷാദിന്റെയും റജീനയുടെയും മകൻ മുഹമ്മദ് നൗഫൽ (18) എന്നിവരാണ് മരിച്ചത്.മണികണ്ഠൻ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കും മുഹമ്മദ് നൗഫൽ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്.ഇവർക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച സഹപാഠി പനയമുട്ടം ഷൊർനോട് തലയൽ വീട്ടിൽ രാജ്‌കുമാറിന്റെ മകൻ കാർത്തിക് (18) മെഡിക്കൽ കോളേജിൽ ചികത്സയിലാണ്.
മൂന്ന് പേരും സ്‌കൂട്ടറിൽ ഇളവട്ടം ഭാഗത്ത് നിന്ന് ചുള്ളിമാനൂരിലേക്ക് വരുമ്പോൾ വഞ്ചുവം ജമാഅത്ത് പള്ളിക്ക് സമീപത്തെ വളവിലായിരുന്നു അപകടം. കയറ്റം കയറി വന്ന ടോറസ് ലോറിയുടെ വലത്തേ ടയറിൽ സ്‌കൂട്ടർ ഇടിക്കുകയായിരുന്നു. കുട്ടികൾ റോഡിൽ തലയിടിച്ചു വീണു. കാർത്തിക് റോഡ് സൈഡിലാണ് വീണത്.മറ്റു രണ്ടുപേരുടെയും തലപൊട്ടി ചോരയൊഴുകുന്നുണ്ടായിരുന്നു. സമീപത്തെ ഗോഡൗണിലെ ചുമട്ടു തൊഴിലാളികൾ ഓടിയെത്തി കുട്ടികളെ ആശുപത്രിയിൽ എത്തിക്കാൻ വാഹനങ്ങൾക്ക് കൈ കാണിച്ചെങ്കിലും നിറുത്തിയില്ലെന്ന് പരാതിയുണ്ട്. അര മണിക്കൂറിനു ശേഷം നെടുമങ്ങാട് നിന്ന് ആംബുലൻസ് എത്തിയാണ് മൂവരെയും മെഡിക്കൽ കോളേജിൽ എത്തിച്ചത്. തൊളിക്കോട് സ്‌കൂളിലെ പ്ലസ്‌വൺ വിദ്യാർത്ഥികളാണ്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ വീട്ടിലെത്തിക്കും.നൗഫലിന്റെ മൃതദേഹം പനയമുട്ടം പള്ളി കബറിടത്തിലും മണികണ്ഠന്റെ മൃതദേഹം വീട്ടുവളപ്പിലും സംസ്കരിക്കും. മണികണ്ഠന്റെ സഹോദരി: ശ്രീലക്ഷ്മി. നൗഫലിന്റെ സഹോദരി: നൗഫിയ. പാലോട് പൊലീസ് കേസെടുത്തു.