vm-sudeeran

തിരുവനന്തപുരം: തീർത്തും അർഹമായ രാജ്യസഭാ സീറ്റ് നഷ്ടപ്പെട്ടത് മൂലം കോൺഗ്രസ് പ്രവർത്തകർക്കും ജനാധിപത്യ മതേതരവിശ്വാസികളായ ജനങ്ങൾക്കുമുണ്ടായ കടുത്ത വേദനയിൽ നിന്ന് അവരാരും ഇനിയും മോചിതരായിട്ടില്ലെന്ന് വി.എം. സുധീരൻ പ്രസ്താവിച്ചു.

ഈയവസ്ഥയിൽ സീറ്റ് ചർച്ചയുടെ പേരിൽ ഇനിയും അവരെ വേദനിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്യുന്ന നടപടികൾ ഒരു ഭാഗത്ത് നിന്നുമുണ്ടാകരുത്. ദേശീയ തലത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ജനാധിപത്യ-മതേതര മുന്നേറ്റം വിജയിച്ച് അധികാരത്തിൽ വരുന്നത് കാത്തിരിക്കുന്ന ജനങ്ങളുടെ മനസ്സ് മടുപ്പിക്കുന്ന രീതിയിൽ ലോക്സഭാ സീറ്റുകളെ സംബന്ധിച്ച് പരസ്യമായ വിലപേശലുകൾ ഉയർന്നുവരുന്നത് ഉചിതമല്ല.

തിരഞ്ഞെടുപ്പ് വരുന്ന സന്ദർഭത്തിൽ തങ്ങളുടെ ആവശ്യങ്ങളും അവകാശവാദങ്ങളുമൊക്കെ അതത് തലങ്ങളിലുന്നയിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ഘടകകക്ഷികൾക്കുണ്ടെന്നത് അംഗീകരിക്കപ്പെട്ട യാഥാർത്ഥ്യമാണ്. അതൊക്കെ അത്യാർത്തി പിടിച്ചുള്ളതും ഔചിത്യരഹിതവും യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തതുമാകരുതെന്നും സുധീരൻ മുന്നറിയിപ്പ് നൽകി.