തിരുവനന്തപുരം: കാറിനും ബൈക്കിനും ആഡംബരവീടിനും സിനിമയ്‌ക്കും ഭൂമി വാങ്ങുന്നതിനും ഉൾപ്പെടെ വില കൂട്ടുന്ന ബഡ്‌ജറ്റിൽ സർക്കാരിന്റെ പ്രതീക്ഷ 1785 കോടിയുടെ അധികവരുമാനം. ഇതിനു പുറമേ, നികുതി പിരിവിലെ കുടിശിക ഇൗടാക്കൽ കർശനമാക്കി 2000 കോടി സമാഹരിക്കാനും ലക്ഷ്യമിടുന്നതാണ് ധനമന്ത്രി തോമസ് ഐസക്ക് ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ച ബഡ്‌ജറ്റ്.
ആഡംബരനികുതി കൂട്ടി
3000 ച. അടി വരെയുള്ള വീടുകളുടെ കെട്ടിട നികുതി 4000 രൂപയും, 7500 അടി വരെ 6000 രൂപയും, 10000 അടി വരെ 8000 രൂപയും അതിനു മുകളിൽ 10,000 രൂപയുമാക്കി വർദ്ധിപ്പിച്ചു.
റവന്യു വകുപ്പിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾക്കുള്ള അഞ്ചു രൂപ ഫീസ് ഒഴിവാക്കി. അതേ സമയം റവന്യു വകുപ്പിൽ നിന്നുള്ള മറ്റു സേവനങ്ങൾക്ക് അഞ്ചു ശതമാനം വില കൂട്ടി.അപ്പീൽ ഫീസ് പത്തു രൂപയിൽ നിന്ന് 50 രൂപയാക്കി.
ഭൂമിയുടെ ന്യായവില വർദ്ധിക്കും
ഭൂമിയുടെ ന്യായവില നിലവിലുള്ളതിന്റെ പത്തു ശതമാനം കൂട്ടി. ഇതനുസരിച്ചായിരിക്കണം ഇനി ഭൂമി രജിസ്റ്റർ ചെയ്യേണ്ടത്. പണയാധാരങ്ങൾക്ക് വിലയുടെ 0.5 ശതമാനം മുതൽ 10000 രൂപവരെ എന്നതു മാറ്റി 0.1ശതമാനമാക്കി കുറച്ചു. ഭൂമി വികസിപ്പിക്കുന്നതിനുള്ള കരാർ ഡ്യൂട്ടി എട്ട് ശതമാനം എന്നതു മാറ്റി 1000 രൂപയാക്കി ചുരുക്കി.
മദ്യപിക്കാൻ ചെലവേറും
ബിയർ, വൈൻതുടങ്ങി എല്ലാ ഇനം മദ്യത്തിനും രണ്ടു ശതമാനം നികുതികൂട്ടി. സർക്കാർ നയത്തിന്റെ ഭാഗമായി പൂട്ടിയ ബാറുകൾക്ക് വിറ്റു വരവ് ടേണോവർ ടാക്‌സ് ഒഴിവാക്കി.
വാഹന നികുതിഒരു ശതമാനം കൂട്ടി
പുതിയ വാഹനങ്ങൾക്ക് നികുതി ഒരു ശതമാനം കൂട്ടി. നികുതി കുടിശിക തീർക്കാൻ അവസാന അഞ്ച് വർഷത്തെ നികുതിയുടെ 20 മുതൽ 30 ശതമാനം വരെ അടച്ച് ഒഴിവാക്കാൻ അനുമതി. ഇലക്ട്രിക് ഒാട്ടോറിക്ഷകൾക്ക് അഞ്ചു വർഷം 50 ശതമാനം നികുതിയിളവ്. മറ്റ് ഇലക്ട്രിക് വാഹനങ്ങൾക്ക് 25 ശതമാനമാണ് ഇളവ്.
പ്രളയസെസ് പരക്കെ
ഭക്ഷ്യവസ്തുക്കളും കാർഷിക ഉൽപന്നങ്ങളും നികുതിയൊഴിവുള്ള ഇനങ്ങളും അടിസ്ഥാന നിരക്കായ അഞ്ചു ശതമാനവും ഒഴികെ എല്ലാ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും ജി.എസ്.ടി. ഒരു ശതമാനം കൂട്ടി പ്രളയസെസ് ഏർപ്പെടുത്തും. അടിസ്ഥാനവിലയുടെ ഒരു ശതമാനമാണ് കൂട്ടുക. സ്വർണ്ണം, വെള്ളി, പ്ളാറ്റിനം, രത്നം തുടങ്ങിയ ആഭരണങ്ങൾക്ക് വിലയുടെ 0.25 ശതമാനം സെസും നൽകണം.
സിനിമാ ടിക്കറ്റിന്നിരക്ക് കൂടും
സിനിമാടിക്കറ്റിന് 18 ശതമാനം ജി.എസ്.ടി.ക്കു പുറമെ 10 ശതമാനം വിനോദ നികുതി കൂടി ചുമത്തുന്നതോടെ
സാധാരണക്കാരുടെ സിനിമാ കാഴ്ച കടുപ്പമാകും.
വലുതാകുന്ന നികുതിവല
ജി.എസ്.ടി.യിൽ രജിസ്റ്റർ ചെയ്യേണ്ട സ്ഥാപനങ്ങളുടെ വാർഷിക പരിധി 20 ലക്ഷത്തിൽ നിന്ന് 40 ലക്ഷമാക്കിയതും ഒന്നര കോടി രൂപ വരെ ഇടപാടുകളുളള സ്ഥാപനങ്ങൾക്ക് 12,18 നിരക്കിൽ നിന്ന് 5 ശതമാനമാക്കി കുറച്ച് അനുമാനനികുതി ഏർപ്പെടുത്തിയതും മൂലം സംസ്ഥാനത്തെ 4500 ഹോട്ടലുകൾ മാത്രമാണ് നികുതി നൽകേണ്ടത്. ആറ് ശതമാനം നിരക്കിൽ ചെറുകിട സേവന ദാതാക്കൾക്കായി അനുമാന നികുതി നടപ്പാക്കും.
ജി.എസ്.ടി. നടപ്പാക്കുന്നതിനു മുമ്പത്തെ വാറ്റ് കുടിശിക പിരിച്ചെടുക്കാൻ ആംനസ്റ്റി പാക്കേജിനു പുറമെ റവന്യു റിക്കവറി കർശനമാക്കും. ഇതിനായി എൻഫോഴ്സ്മെന്റ് വിഭാഗത്തെ കൂടുതൽ ശക്തമാക്കും.
പണം വരുന്ന വഴികൾ
പ്രളയസെസ്: 600 കോടി
പാട്ടകുടിശിക പിരിവ് 200 കോടി
ആഡംബര കെട്ടിട നികുതി: 50കോടി
ഭൂമി രദിസ്ർട്രേഷൻ: 400കോടി
വാഹന നികുതി: 200 കോടി
മദ്യ നികുതി: 180 കോടി
സേവന നിരക്കുകൾ: 55 കോടി