s

തിരുവനന്തപുരം: കരകൗശല മേഖലയിലെ തൊഴിലാളികൾക്ക് ഉപകാരപ്പെടുന്ന വലിയ പദ്ധതിയാണ് തൊഴിലാളികൾക്കുള്ള ടൂൾ കി​റ്റ് വിതരണമെന്നും കരകൗശല മേഖല വെെവിദ്ധ്യമാർന്ന മേഖലയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കരകൗശല തൊഴിലാളികൾക്കുള്ള ടൂൾ കി​റ്റ് വിതരണം സെൻട്രൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരകൗശല മേഖലയെ കുറിച്ച് ജനങ്ങളെ അവബോധരാക്കുന്നതിന് ചിറയിൻകീഴ് രാധാകൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച ഹ്രസ്വ ചിത്രത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.

ചടങ്ങിൽ കരിവെള്ളൂർ സ്വദേശി സുധാകരൻ നിർമ്മിച്ച ഗാന്ധി ശില്പവും മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. കരകൗശല കോർപറേഷന്റെ ബ്രോഷർ പ്രകാശനം പി. മല്ലികാർജ്ജുനയ്യയ്ക്ക് നൽകി വി.എസ്. ശിവകുമാർ എം.എൽ.എ നിർവഹിച്ചു. കരകൗശല കോർപറേഷൻ തയ്യാറാക്കിയ പുതിയ സുവനീർ പ്രകാശനവും നവീകരിച്ച വെബ്സെെറ്റിന്റെ ഉദ്ഘാടനവും ഡിസ്പ്‌ളേ കിയോസ്‌കിന്റെ പ്രകാശനവും മന്ത്രി ഇ.പി. ജയരാജൻ നിർവഹിച്ചു. തടി, മെ​റ്റൽ, വാഴനാര്, സ്ട്രാപിക്ചർ, ടെറാകോട്ട എന്നീ ക്രാഫ്റ്രുകളിൽ പണിയെടുക്കുന്ന അർഹരായ 1300 തൊഴിലാളികൾക്കാണ് ആദ്യ ഘട്ടത്തിൽ സൗജന്യ ടൂൾകി​റ്റ് വിതരണം ചെയ്യുന്നത്. 10000 രൂപ വില വരുന്ന ടൂൾകിറ്റുകൾ ആകെ 10000 കരകൗശല തൊഴിലാളികൾക്കാണ് വിതരണം ചെയ്യുക. ചടങ്ങിൽ മന്ത്രി ഇ.പി. ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ എൻ.കെ. മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു. വ്യവസായ വകുപ്പ് ഡയറക്ടർ ബിജു, റിയാബ് ചെയർമാൻ എൻ. ശശിധരൻ നായർ, വി. ശിവൻകുട്ടി, നഗരസഭ കൗൺസിലർ ജയലക്ഷ്മി, ഡി.സി.എച്ച് അസി. ഡയറക്ടർ പൂജാ വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.

കരകൗശല വികസന കോർപറേഷൻ ചെയർമാൻ കെ.എസ്. സുനിൽകുമാർ സ്വാഗതവും സിന്ധു .പി.കെ നന്ദിയും പറഞ്ഞു.