ind

കിവീസിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യ

92 റൺസിന് ആൾ ഒൗട്ട്, എട്ട് വിക്കറ്റ് തോൽവി

. ഇന്ത്യയെ തരിപ്പണമാക്കിയത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ

ട്രെന്റ് ബൗൾട്ടും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഗ്രാൻഡ്‌ ഹോമും ചേർന്ന്

. പരമ്പരയിൽ ഇന്ത്യ 3-1ന് മുന്നിൽ, അവസാന

ഏകദിനം ഞായറാഴ്ച

ഹാമിൽട്ടൺ : കിവീസിനെതിരായ ആദ്യ മൂന്ന് ഏകദിനങ്ങളിലും തകർപ്പൻ വിജയം നേടി പരമ്പര സ്വന്തമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് നാലാം ഏകദിനത്തിൽ അപ്രതീക്ഷിതവും അതിദാരുണവുമായ തോൽവി.

ഇന്നലെ ഹാമിൽണിൽ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങി 30.5 ഒാവറിൽ വെറും 92 റൺസിന് ആൾ ഒൗട്ടാവുകയായിരുന്നു ഇന്ത്യ. ഒൻപത് വർഷത്തിനുശേഷമാണ് ഇന്ത്യ ഏകദിനത്തിൽ 100 റൺസ് തികച്ച് നേടാനാകാതെ പുറത്താകുന്നത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ പേസർ ട്രെന്റ് ബൗൾട്ടും മൂന്ന് വിക്കറ്റ് വീഴ്ത്തിയ കോളിൻ ഡി ഗ്രാൻഡ്ഹോമും ചേർന്നാണ് വിരാട് കൊഹ്‌ലിയും മഹേന്ദ്രസിംഗ് ധോണിയുമില്ലാത്ത ഇന്ത്യൻ ബാറ്റിംഗ്‌നിരയെ പിച്ചിച്ചീന്തിയത്. മറുപടിക്കിറങ്ങിയ കിവീസ് 14.4 ഒാവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയും ചെയ്തു.

തന്റെ 200-ാം ഏകദിനത്തിൽ ടീമിനെ നയിച്ചിറങ്ങാൻ അവസരം കിട്ടിയ രോഹിത് ശർമ്മയ്ക്കും കന്നി ഏകദിനത്തിനിറങ്ങിയ ശുഭ്‌മാൻ ഗില്ലിനും കയ്‌പേറിയ അനുഭവമാണ് ഹാമിൽട്ടണിൽ നിന്ന് ലഭിച്ചത്.

ആറാം ഒാവർ മുതലാണ് ബൗൾട്ട് വിശ്വരൂപം പ്രാപിച്ചത്. ശിഖർ ധവാനെ എൽ.ബിയിൽ കുരുക്കിയ ബൗൾട്ട് രോഹിതിനെ റിട്ടേൺ ക്യാച്ചെടുക്കുകയും ചെയ്തു. തുടർന്ന് 11-ാം ഒാവറിൽ അമ്പാട്ടിയെയും ദിനേഷ് കാർത്തികിനെയും മടക്കി അയച്ച ഗ്രാൻഡ് ഹോം ആഘാതം വർദ്ധിപ്പിച്ചു. ഗിൽ ക്യാപ്ടനെപ്പോലെ ബൗൾട്ടിന് റിട്ടേൺ ക്യാച്ച് നൽകിയപ്പോൾ കേദാറിനെ ബൗൾട്ട് എൽ.ബിയിൽ കുരുക്കി 17-ാം ഒാവറിൽ ഭുവനേശ്വറിനെ ഗ്രാൻഡ്ഹോം ബൗൾഡാക്കി. ഇതോടെ ഇന്ത്യ 40/7 എന്ന നിലയിലായി.

തുടർന്ന് ഹാർദിക് പാണ്ഡ്യ (16), കുൽദീപ് (15), യുസ്‌വേന്ദ്ര ചഹൽ (18 നോട്ടൗട്ട്) എന്നിവർ നടത്തിയ പോരാട്ടമാണ് 92 വരെയെങ്കിലും എത്തിച്ചത്. ചഹലാണ് മത്സരത്തിലെ ഇന്ത്യയുടെ ടോപ് സ്കോറർ. മറുപടിക്കിറങ്ങിയ കിവീസിന് ഗപ്ടിൽ (14) , കേൻവില്യംസൺ (11) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. നിക്കോൾസും (30 നോട്ടൗട്ട്) ടെയ്‌ലറും (37 നോട്ടൗട്ട്) ചേർന്ന് 212 പന്തുകൾ ബാക്കിനിൽക്കെ ടീമിനെ വിജയത്തിലെത്തിച്ചു. 10 ഒാവറിൽ നാല് മെയ്ഡനടക്കം 21 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബൗൾട്ടാണ് മാൻ ഒഫ് ദ മാച്ച്.അഞ്ച് മത്സര പരമ്പരയിൽ ബാക്കി 3-1ന് മുന്നിലാണ്. അവസാന മത്സരം ഞായറാഴ്ച നടക്കും.