കാര്യവട്ടത്തെ അവസാന ഏകദിനത്തിൽ
ഇന്ത്യ എയ്ക്ക് തോൽവി
പരമ്പര 4-1ന് ഇന്ത്യ സ്വന്തമാക്കി
തിരുവനന്തപുരം : ഹാമിൽട്ടണിൽ ഇന്ത്യൻ സീനിയർ ടീം ന്യൂസിലൻഡിനോട് എട്ട് വിക്കറ്റിന് തോറ്റപ്പോൾ കാര്യവട്ടത്ത് ഇന്ത്യ അവസാന ഏകദിനത്തിൽ ഒരു വിക്കറ്റിന് ഇംഗ്ളണ്ട് ലയൺസിനോട് കീഴടങ്ങി.
പരമ്പരയിലെ ആദ്യ നാല് മത്സരങ്ങളും ജയിച്ചിരുന്ന ഇന്ത്യ എ ഇന്നലെ ടോസ് നേടി ആദ്യ ബാറ്റിംഗിനിറങ്ങി 35 ഒാവറിൽ 121ന് ആൾ ഒൗട്ടാവുകയായിരുന്നു. മറുപടിക്കിറങ്ങിയ ലയൺസ് 30.3 ഒാവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി ആശ്വാസവിജയം നേടി.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജാവി ഒാവർട്ടണും രണ്ട് വിക്കറ്റ് വീഴ്ത്തിയ ടോം ബെയ്‌ലിയും ചേർന്നാണ് ഇന്ത്യ എയെ തകർത്തത്. സിദ്ധേഷ് ലാഡ് (36), അക്ഷർ പട്ടേൽ (23), ദീപക് ചഹർ (21) എന്നിവർ മാത്രമാണ് ഇന്ത്യ എ നിരയിൽ രണ്ടക്കം കടന്നത്. ലോകേഷ് രാഹുൽ (0), ക്യാപ്ടൻ അങ്കിത് ബാവ്‌നെ (0), ഋഷഭ് പന്ത് (7) തുടങ്ങിയവർ നിരാശപ്പെടുത്തി. മറുപടിക്കിറങ്ങിയ ഇംഗ്ളണ്ട് നിരയിൽ 70 റൺസുമായി പുറത്താകാതെ പൊരുതിയ ബെൻഡക്കറ്റാണ് വിജയം പിടിച്ചെടുത്തത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ദീപക് ചഹറും സഹോദരൻ രാഹുൽ ചഹറും രണ്ട് വിക്കറ്റ് വീഴ്ത്തിയ അക്ഷർ പട്ടേലും ഇംഗ്ളണ്ടിനെ തകർക്കാൻ ശ്രമിച്ചെങ്കിലും ഡക്കറ്റ് പിടിച്ചുനിന്നത് വിനായി. ഡക്കറ്റാണ് മാൻ ഒഫ് ദ മാച്ച്.
ഇംഗ്ളണ്ട് ലയൺസും ഇന്ത്യ എയും തമ്മിലുള്ള ആദ്യ ചതുർദിനമത്സരം ഇൗമാസം ഏഴിന് കൃഷ്ണ ഗിരിയിൽ തുടങ്ങും. 13 മുതൽ മൈസൂരിലാണ് രണ്ടാം ചതുർദിനം.