തുറവൂർ: പ്ലാസ്റ്റിക് വിമുക്ത ഗ്രാമമെന്ന ലക്ഷ്യത്തിലേക്ക് അവർ കുപ്പി പെറുക്കി നീങ്ങിയപ്പോൾ, വൃക്കരോഗിയായ ലസിതയുടെ ചികിത്സാ സഹായ നിധിയിലേക്ക് ലഭിച്ചത് 5,200 രൂപ.
ഗാന്ധിജയന്തി ദിനത്തിൽ ശ്രീഗുരുദേവ് ലൈബ്രറിയിലെ യുവജനവേദി പ്രവർത്തകരാണ് തഴുപ്പ് ഗ്രാമത്തെ പ്ലാസ്റ്റിക് വിപത്തിൽ നിന്നു രക്ഷിക്കാൻ വേസ്റ്റ് മാനേജ്മെന്റ് ഗ്രൂപ്പിനു രൂപം നൽകിയത്. ഫാ. ഡേവിസ് ചിറമേലിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന 'ഐ ചലഞ്ച് പ്ലാസ്റ്റിക് ബോട്ടിൽ' പദ്ധതിയുടെ ഭാഗമായി നടത്തിയ പ്ളാസ്റ്റിക് സംഭരണത്തിലാണ് 260 കിലോ കുപ്പികൾ കിട്ടിയത്. ഇതു വിറ്റുകിട്ടിയ തുക തഴുപ്പ് സ്വദേശി കൂടിയായ ലസിതയുടെ വൃക്കമാറ്റിവയ്ക്കൽ സഹായനിധിയിലേക്ക് സംഭാവന ചെയ്യുകയായിരുന്നു.
പഞ്ചായത്ത് പ്രസിഡൻറ് പ്രേമാ രാജപ്പൻ ഉദ്ഘാടനം ചെയ്തു. നിരവധിപേർ ഉദ്യമത്തിൽ പങ്കാളികളായി. 40 ചാക്ക് കുപ്പികളാണ് തഴുപ്പിൽനിന്ന് ശേഖരിക്കാൻ കഴിഞ്ഞത്. പ്ലാസ്റ്റിക് വിമുക്തഗ്രാമം എന്ന പദ്ധതിയുടെ അടുത്ത ഘട്ടം മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കലാണ്. പദ്ധതി പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് മുൻ പഞ്ചായത്തംഗവും കോ-ഓർഡിനേറ്ററുമായ പനച്ചിക്കൽ അശോകൻ, കൺവീനർ ടുബിൻ ബാബു എന്നിവരാണ്. മറ്റു പ്രദേശങ്ങളിലും പദ്ധതി നടപ്പാക്കുവാൻ താൽപര്യം ഉള്ളവർക്ക് പ്രോജക്ട് റിപ്പോർട്ടും മറ്റു സഹായവും ചെയ്യാൻ പ്രവർത്തകർ തയ്യാറാണ്.