chettikulangara-temple

മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ 105 വർഷങ്ങൾക്കു ശേഷം നടക്കുന്ന ദേവപ്രശ്ന പരിഹാര പൂർത്തീകരണ ശുദ്ധികലശത്തിന് നാളെ തുടക്കംകുറിക്കും. നാളെ മുതൽ 10 വരെ നടക്കുന്ന ദേവപ്രശ്ന പരിഹാര പൂർത്തീകരണ ശുദ്ധികലശത്തിന് ക്ഷേത്രം തന്ത്രി പ്ലാക്കുടി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.

ശുദ്ധികലശത്തിനായി ക്ഷേത്രത്തിൽ പന്തൽ നിർമ്മാണം പുരോഗമിക്കുകയാണ്. ഭക്തജനങ്ങൾ സമർപ്പിക്കുന്ന ധനം ഉപയോഗിച്ചാണ് ദേവപ്രശ്ന പരിഹാര പൂർത്തികരണ കലശം നടത്തുന്നത്. നാളെ രാവിലെ 9 മുതൽ ക്ഷേത്രനടയിൽ പതിമൂന്ന് കരയിലെ ജനങ്ങൾക്കും കരയ്ക്കു പുറത്തുള്ള ഭക്തജനങ്ങൾക്കും ഉൾപ്പെടെ പണക്കിഴി
സമർപ്പിക്കാനുളള പതിനാലു കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. നാളെ വൈകിട്ട് ദീപാരാധനക്കു ശേഷം ആചാര്യവരണം, മുളയിടീൽ, പ്രസാദശുദ്ധി, അസ്ത്രകലശ പൂജ, പ്രസാദപൂജ, രക്ഷോഘ്ന ഹോമം, വാസ്തു ഹോമം, വാസ്തുകലശ പൂജ, വാസ്തുബലി, വാസ്തുകലശാഭിഷേകം, വാസ്തു പുണ്യാഹം എന്നീ ചടങ്ങുകൾ നടക്കും.

ദേവപ്രശന പരിഹാരക്രിയകളുടെ പൂർത്തീകരണത്തിന്റെ ഭാഗമായുള്ള പാത്രക്കുള പുനഃരുജ്ജീവനം പുരോഗമിക്കുകയാണ്. വർഷങ്ങൾക്കു മുമ്പ് മണ്മറഞ്ഞുപോയ ക്ഷേത്രത്തിന് കിഴക്ക് ഭാഗത്ത് കൂവളത്തിന് സമീപം ഉണ്ടായിരുന്ന പാത്രക്കുളമാണ് പുനഃസ്ഥാപിക്കുന്നത്.