അമ്പലപ്പുഴ: ദേശീയപാതയിൽ കരൂർ പായൽക്കുളങ്ങര ക്ഷേത്രത്തിനു സമീപം ഇന്നലെ പുലർച്ചെ ഇന്നോവ കാറും ടാങ്കറും കൂട്ടിയിടിച്ച്, ഇന്നോവ യാത്രക്കാരൻ നെടുമങ്ങാട് വേങ്കവിള ശാലിനി ഭവനിൽ മോഹൻകുമാർ - കുശലകുമാരി ദമ്പതികളുടെ മകൻ അഖിലേഷ് (27) മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വേങ്കവിള ഹരി നിവാസിൽ പരേതനായ ഹരിദാസിന്റെ മകൻ യിദേഷിനെ (25) ഗുരുതര പരിക്കുകളോടെ ആദ്യം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.
തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്കു പോകുകയായിരുന്നു അഖിലേഷും സുഹൃത്തും. വ്യാവസായിക ഗ്യാസുമായി പോണ്ടിച്ചേരിയിൽ നിന്നു ചവറയ്ക്ക് വരികയായിരുന്ന ടാങ്കർ ലോറി നിയന്ത്രണംതെറ്റി കാറിൽ ഇടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. തകഴിയിൽ നിന്നെത്തിയ അഗ്നിശമന സംഘവും പൊലീസും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അഖിലേഷ് മരിച്ചു. ഏക സഹോദരി: അഖില. എ.എസ്.ഐ സനൽകുമാർ, സി.പി.ഒമാരായ അജീബ്, സജി, ഹോം ഗാർഡ് മധു എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒരുമണിക്കൂറോളം ദേശീയ പാതയിൽ ഗതാഗത തടസമുണ്ടായി.